കൊച്ചി: സമഗ്രവും സർവതല സ്പർശിയുമായ വികസന കാഴ്ചപ്പാടിന് ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാട്ടർ മെട്രോയുടെ മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ ടെർമിനലുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജലഗതാഗതത്തിൽ വിപ്ലവകരമായ മാറ്റമാണ് വാട്ടർ മെട്രോ സഷ്ടിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു.
വാട്ടർ മെട്രോ കേരളത്തിലെ ശ്രദ്ധേയമായ പദ്ധതിയായി മാറിയെന്ന് ആശംസയറിച്ച മന്ത്രി കെ. രാജൻ പറഞ്ഞു.
വൈവിദ്ധ്യമാർന്ന പശ്ചാത്തല വികസന പദ്ധതികളുടെ ഹബ്ബായി കൊച്ചി മാറിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ കെ.ജെ. മാക്സി, കെ.എൻ. ഉണ്ണികൃഷ്ണൻ, കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ തുടങ്ങിയവർ പങ്കെടുത്തു.
ഞായർ മുതൽ രണ്ട്
പുതിയ റൂട്ടുകൾ
നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ രണ്ട് പുതിയ റൂട്ടുകളിൽ ഞായറാഴ്ച രാവിലെ മുതൽ വാട്ടർ മെട്രോ സർവീസ് ആരംഭിക്കും. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൾഗാട്ടി, മുളവുകാട് നോർത്ത് വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടുകളിലേക്ക് വാട്ടർ മെട്രോ സർവീസ് വ്യാപിക്കും. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയാണ്.