കൊച്ചി: 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തയാളെ കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസ് കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊൽക്കത്ത രുചി ആക്ടീവ് ഏക്കർസ് ഫ്‌ളാറ്റിൽ താമസിക്കുന്ന യാസർ ഇക്ബാലാണ് (51) അറസ്റ്റിലായത്. സംഘത്തിലെ മറ്റൊരാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ലോൺ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വച്ച് നടി 37 ലക്ഷം കൈമാറി. പണം നൽകിയിട്ടും വായ്പ ലഭ്യമാകാത്തതിനെ തുടർന്നാണ് നടി പൊലീസിനെ സമീപിച്ചത്.