
അങ്കമാലി: ജില്ലയിൽ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കേണ്ട മേഖലയാണ് അങ്കമാലി. ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ നിർണായക കേന്ദ്രമായ അങ്കമാലി ഇന്നും വികസനം കാത്തിരിക്കുകയാണ്. മണ്ഡലം പിടിക്കാനും നിലനിറുത്താനും പ്രചാരണത്തിൽ മുഴുകിയിരിക്കുന്ന സ്ഥാനാർത്ഥികൾ അങ്കമാലിക്കാരുടെ ആവശ്യങ്ങൾ കേൾക്കാതെ പോകരുത്. വിജയിച്ചുവരുന്ന പ്രതിനിധികളിൽ പ്രതീക്ഷയർപ്പിച്ച് ജനങ്ങൾ മുന്നോട്ടുവയ്ക്കുന്ന അഞ്ച് ആവശ്യങ്ങൾ ഇവയാണ്.
ടൗണിലെ കുരുക്ക് അഴിക്കണം
അങ്കമാലി പട്ടണത്തെ വീർപ്പുമുട്ടിക്കുന്ന ഗതാഗത കുരുക്കഴിക്കാൻ ഉതകുന്ന പദ്ധതികൾക്ക് മുൻഗണന വേണമെന്നതാണ് പ്രധാന ആവശ്യം. ദേശീയപാതയുടെ വീതികൂട്ടിയപ്പോൾ അങ്കമാലി ടൗൺ ഇടുങ്ങി. ഇതാണ് ഗതാഗതക്കുരുക്കിന് കാരണം. ദേശീയ പാതയുടെ വീതി കൂട്ടുക പ്രായോഗികമാകില്ല. ഗതാഗതക്കുരുക്ക് അഴിക്കാൻ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ മാറി കരയാംപറമ്പിൽ നിന്ന് ആരംഭിക്കുന്ന അങ്കമാലി കുണ്ടന്നൂർ റോഡിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്നാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. അങ്കമാലി- കുണ്ടന്നൂർ ദേശീയപാത പട്ടണത്തിലൂടെ കടന്നുപോകാത്തവിധമുള്ള രൂപരേഖയാണ് അംഗീകരിച്ചിട്ടുള്ളത്.
വേണം മെട്രോ അങ്കമാലിയിലേക്കും
കൊച്ചി മെട്രോ യാഥാർത്ഥ്യമായ കാലംമുതലുള്ള ആവശ്യമാണ് അങ്കമാലിയിലേക്കും മെട്രോ സർവീസ് നീട്ടണമെന്നത്. ജനകീയ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ തീരുമാനം അനന്തമായി നീളുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സ്വാധീനം ചെലുത്തി അങ്കമാലിക്കാരുടെ ചിരകാല ആവശ്യം നേടിയെടുക്കാൻ മുന്നിലുണ്ടാകണെന്നതാണ് മറ്റൊരു ആവശ്യം.
അൾട്രാ മോഡേൺ ആകണം റെയിൽവേ സ്റ്റേഷൻ
മൂന്ന് പതിറ്റായി പ്രഖ്യാപനത്തിൽ ഒതുങ്ങിയതാണ് അങ്കമാലി റെയിൽവേ സ്റ്റേഷൻ വികസനം. നിർദ്ദിഷ്ട ശബരിപാത യാഥാർത്ഥ്യമാക്കി സ്റ്റേഷൻ അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തണമെന്നതാണ് ജനകീയ ആവശ്യം. ദൂരദേശങ്ങളിലുള്ളവർ കാലടിക്കും മലയാറ്റൂർ തീർത്ഥാട കേന്ദ്രത്തിലേക്കും എത്തുന്നത് ട്രെയിൻ വഴിയാണ്. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ സീസൺ ടിക്കറ്റ് യാത്രക്കാരുള്ളതും അങ്കമാലിയിലാണ്.
ചമ്പന്നൂർ മേൽപ്പാലം
എല്ലാ തിരിഞ്ഞെടുപ്പിലും ഉയരുന്ന ആവശ്യമാണ് ചമ്പന്നൂർ റെയിൽവേ മേൽപ്പാലം.ടൗണിൽ നിന്നും ചമ്പനൂർ വ്യവസായ മേഖല, എഫ്.സി. ഐ ഗോഡൗൺ എന്നിവിടങ്ങളിലെക്ക് എളുപ്പം എത്താനാകുമെന്നതാണ് മേന്മേ. മേൽപാലത്തിന് റെയിൽവേ അനുമതി നൽകിയെങ്കിലും നൂറിലേറെ ട്രെയിനുകൾ കടന്നുപോന്ന പാതയും സിൽവർ ലൈൻ പദ്ധതിയുമാണ് നിർമ്മാണതടസമായി ചൂണ്ടിക്കാട്ടുന്നത്.
വനാതിർത്തിയിൽ സ്ഥാപിക്കണം ഫെൻസിംഗ്
വന്യമൃഗങ്ങളോട് പോരടിച്ചാണ് അങ്കമാലിയുടെ മലയോര മേഖലകളിൽ ഓരോദിവസവും തള്ളിനീക്കുന്നത്. ആന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് എന്നിയെല്ലാം വൻതോതിൽ കൃഷിനാശമാണ് വരുത്തിവയ്ക്കുന്നത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ മറ്റു മൃഗങ്ങളും എത്തുന്നു. അങ്കമാലി ടൗണിലേക്ക് വരെ കാട്ടുപോത്ത് ഇറങ്ങുന്ന സാഹചര്യമുണ്ടായി.മലയാറ്റൂർ, നീലീശ്വരം പഞ്ചായത്തിലെ മുളങ്കുഴി, വള്ളിയാംകുളം, ഇല്ലിത്തോട്, തൊട്ടടുത്തുള്ള അയ്യമ്പുഴ എന്നിവിടങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷം.
മേഖലയിൽ വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കണമെന്നതാണ് പ്രധാനആവശ്യം.