കൊച്ചി: തീരമേഖലയായ ചെല്ലാനത്തും നായരമ്പലത്തും സംയോജിത മത്സ്യബന്ധന ഗ്രാമം പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം. 1,280.21 ലക്ഷം രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര വിഹിതമായി 700.15 ലക്ഷം ലഭിക്കും.
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയിൽ നിന്ന് സാമ്പത്തിക സഹായത്തിനായി സമർപ്പിച്ചിരുന്ന പദ്ധതികൾക്കാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം അംഗീകാരം നൽകിയത്.
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരേ ഗ്രാമത്തിൽ പല വികസന പദ്ധതികൾ നടപ്പാക്കുകയെന്നതാണ് സംയോജിത മത്സ്യബന്ധന ഗ്രാമം പദ്ധതി. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ സഹായമെന്ന നിലയ്ക്കാണ് പദ്ധതി.
കേരളത്തിൽ ഒൻപത് ഗ്രാമങ്ങൾ
ചെല്ലാനം, നായരമ്പലം ഉൾപ്പെടെ കേരത്തിൽ ഒൻപത് സംയോജിത മത്സ്യബന്ധന ഗ്രാമം പദ്ധതികൾക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്. കേന്ദ്ര ഫണ്ട് വിനിയോഗത്തിലൂടെ ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളായി വികസിപ്പിക്കും. പദ്ധതികൾക്ക് ചെലവിടാൻ കഴിയുന്ന പരമാവധി തുക 7.5 കോടി രൂപയാണ്. അതിൽ 60 ശതമാനം കേന്ദ്ര സഹായമായി അനുവദിക്കും. ബാക്കിത്തുക സംസ്ഥാന സർക്കാർ വഹിക്കണം.
ചെല്ലാനം 
ആകെ ചെലവ് 569.97 ലക്ഷം രൂപ
കേന്ദ്ര വിഹിതം 311.72 ലക്ഷം രൂപ
സംസ്ഥാന വിഹിതം 258.25 ലക്ഷം രൂപ
നായരമ്പലം
ആകെ ചെലവ് 710.24 ലക്ഷം രൂപ
കേന്ദ്ര വിഹിതം 388.43 ലക്ഷം രൂപ
സംസ്ഥാന വിഹിതം 321.81 ലക്ഷം രൂപ
''പി.എം മത്സ്യ സമ്പദ യോജന വഴി സഹായം എത്തിക്കേണ്ട മേഖലകൾ കേരളത്തിലുണ്ടെന്ന് എം.പിയെ നിലയിൽ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തെ ധരിപ്പിച്ചിരുന്നു. തുടർന്നാണ് ഫയലിൽ അനുകൂല ഉത്തരവുണ്ടായത്.""
ഹൈബി ഈഡൻ എം.പി