കൊച്ചി: പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ഇന്നും നാളെയും നടക്കും. കോളേജിലെ മൂട്ട് കോർട്ട് ഹൗസാണ് വേദി. ഇന്ത്യയിലെ പ്രമുഖ ലാ കോളേജുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയ നാല് ടീമുകളുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളാണ് ന‌ടക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ടി.ആർ.രവി, ജസ്റ്റിസ് പി.ഗോപിനാഥ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരാണ് മത്സരം വിലയിരുത്തി വിജയികളെ തീരുമാനിക്കുക.

നാളെ നടക്കുന്ന സമാപന ചടങ്ങിൽ കോളേജ് മാനേജർ എ.ഡി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ.കെ.ആർ.രഘാനാഥൻ, എസ്.എൻ.ഡി.പി. യോഗം പൂത്തോട്ട ശാഖാ വൈസ് പ്രസിഡന്റ് അനിലാ സാബു, സെക്രട്ടറി കെ.കെ.അരുൺകാന്ത്, അക്കാഡമിക് കോ ഓർഡിനേറ്റർ സുരേഷ് എം.വേലായുധൻ എന്നിവർ സംസാരിക്കും. വൈസ് പ്രിൻസിപ്പൽ ഡോ. സിന്ധു സോമൻ സ്വാഗതവും സ്റ്റുഡന്റ്സ് കോ ഓർഡിനേറ്റർ ദിയാ മറിയം ജോയ് നന്ദിയും പറയും.