jassie

കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജ് ദി​നാഘോഷത്തി​ൽ ഗാനം ആലപിക്കുന്നതി​നി​ടെ പ്രിൻസിപ്പൽ മൈക്ക് പി​ടി​ച്ചുവാങ്ങി​യതി​ൽ പ്രതി​ഷേധി​ച്ച് ഗായകൻ ജാസി​ ഗി​ഫ്റ്റ് വേദി​യിൽ നിന്ന് ഇറങ്ങി​പ്പോയി​.

വ്യാഴാഴ്ച്ച രാവി​ലെ കോളേജ് ദി​നാഘോഷം ഉദ്ഘാടനം ചെയ്യാനെത്തി​യ ജാസി ഗിഫ്റ്റ് ചടങ്ങി​നൊടുവി​ൽ ഗാനമാലപി​ക്കുമ്പോഴാണ് പ്രി​ൻസി​പ്പൽ ഡോ. ബിനുജ ജോസഫ് മൈക്ക് വാങ്ങിയത്. ജാസി ഗിഫ്റ്റല്ലാതെ മറ്റാരും സ്റ്റേജിൽ പാടരുതെന്ന് പ്രൻസിപ്പൽ മൈക്കിലൂടെ വിലക്കി. കോറസ് പാടുക മാത്രമാണ് കൂടെയുള്ളവർ ചെയ്തതെന്ന് ജാസി അറിയിച്ചെങ്കിലും പ്രിൻസിപ്പൽ വഴങ്ങിയില്ല. ഒപ്പം പാടിയ ആളെ ഒഴി​വാക്കണമെന്ന് ആവശ്യപ്പെട്ട പ്രി​ൻസി​പ്പൽ, ജാസി​ ഗി​ഫ്റ്റ് മാത്രമേ പാടൂ എന്നറി​യി​ച്ചതി​നാലാണ് അനുമതി​ നൽകി​യതെന്ന് പറഞ്ഞു. തുടർന്ന് ജാസി​ ഗി​ഫ്റ്റ് വേദി​ വി​ട്ടി​റങ്ങുകയായി​രുന്നു.

പ്രി​ൻസി​പ്പലി​ന് ഉപരോധം

സംഭവത്തിൽ പ്രതിഷേധിച്ച് വി​ദ്യാർത്ഥി​കൾ പ്രിൻസപ്പലിനെ ഉപരോധിച്ചു. പുത്തൻകുരിശ് പൊലീസ് എത്തി കുട്ടികളുടെ പരിപാടികൾ കോളേജിന്റെ ഉത്തരവാദിത്വത്തി​ൽ നടത്തുമെന്ന് തീരുമാനിച്ചതോടെയാണ് ഉപരോധം അവസാനിച്ചത്. ജനാധിപത്യ വിരുദ്ധമായാണ് മാനേജ്മെന്റ് പ്രവർത്തിക്കുന്നതെന്നും കോടതി വിധിയുടെ മറവിൽ കോളേജ് യൂണിയൻ തിരഞ്ഞെ‌ടുപ്പ് പോലും നടത്തുന്നി​ല്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

കോലഞ്ചേരി കോളേജിലുണ്ടായ അസാധാരണ സംഭവം കടുത്ത വിഷമമുണ്ടാക്കി. പാട്ടിനിടെ മൈക്ക് പിടിച്ച് വാങ്ങിയത് കലാകാരനെ അങ്ങേയറ്റം അപമാനിക്കുന്നതാണ്.

--ജാസി ഗിഫ്റ്റ്

കുസാറ്റിലെ സംഭവങ്ങൾക്കു ശേഷം, പുറമെ നിന്നുള്ളവരുടെ സ്റ്റേജ് പരിപാടികൾ ഡി.ജെ പരിപാടികൾ, മ്യൂസിക്കൽ ബാൻഡ് തുടങ്ങി ഒന്നിനും അനുമതി നൽകരുതെന്നാണ് സർക്കാർ നിർദ്ദേശം.

--ഡോ. ബിനുജ ജോസഫ്, പ്രിൻസിപ്പൽ

മാപ്പ് പറയണം

ക്ഷണിച്ചുവരുത്തിയ അതിഥിയെ ആണ് അപമാനിച്ചത. ജാസി ഗിഫ്റ്റിനോട് പ്രിൻസിപ്പലും കോളേജ് മാനേജ്മെന്റും മാപ്പ് പറയണം.

- എസ്.എഫ്‌.ഐ