kseb
അളവി​ൽ കൂടുതൽ വൈദ്യുതി​

കോലഞ്ചേരി: അളവി​ൽ കൂടുതൽ വൈദ്യുതി​ ഉപയോഗി​ക്കുന്നവർക്ക് അത് സ്വയം വെളി​പ്പെടുത്താൻ 31 വരെ സമയമുണ്ട്. ഇതി​നകം കൃത്യമായ വി​വരങ്ങൾ നൽകാത്തവർക്കെതി​രെ കർശന നടപടി​യുണ്ടാകും. തുടർന്ന് പരി​ശോധന ശക്തമാക്കുമെന്നും പി​ടി​കൂടി​യാൽ കനത്ത പി​ഴ ഈടാക്കുമെന്നും കെ.എസ്.ഇ.ബി​ മുന്നറി​യി​പ്പ് നൽകുന്നു.

ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ വിവരങ്ങൾ യഥാസമയം കൃത്യമായി രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ ഇത് പലപ്പോഴും പാലിക്കാറില്ല. പുതിയ വീട്, വ്യാപാരസ്ഥാപനങ്ങൾ എന്നിവയിലേക്ക് കണക്ഷൻ എടുക്കുമ്പോഴും പഴയവീടുകളും വ്യാപാരസ്ഥാപനങ്ങളും പുതുക്കിപ്പണിയുമ്പോഴും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും പുതിയതായി കൂട്ടിച്ചേർത്തവയുടെ വിവരങ്ങളും ഉപഭോക്താവിന്റെ കൺസ്യൂമർ നമ്പറിൽ സെക്ഷൻ ഓഫീസുകളിൽ രേഖപ്പെടുത്തണം. അനുമതി ഇല്ലാതെ അധികലോഡ് ഘടിപ്പിക്കുന്നതിലൂടെ കെ.എസ്.ഇ.ബിക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്താനാവാത്ത സ്ഥിതിയുണ്ട്. ഇത് വൈദ്യുതി ശൃംഖലയുടെ ഓവർ ലോഡിംഗിലൂടെ വോൾട്ടേജ് ക്ഷാമത്തിനും ശൃംഖലയുടെ തകർച്ചയ്ക്കും വരെ കാരണമാകുന്നു.

ഈ സാഹചര്യത്തിലാണ് അധികലോഡ് സ്വയം ക്രമപ്പെടുത്താൻ ഉപഭോക്താക്കൾക്ക് ഫീസിളവോടെ അവസരമൊരുക്കുന്നത്. സെക്ഷൻ ഓഫീസുകളിൽ പ്രത്യേക അപേക്ഷാഫോറം തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ഉപകരണങ്ങളുടെ എണ്ണവും വാട്സും രേഖപ്പെടുത്തണം. വൈദ്യുതിവകുപ്പ് കണക്ടഡ് ലോഡ് പുനർ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇതനുസരിച്ച് ഗാർഹിക,വ്യവസായ, വാണിജ്യ മേഖലകളിലെ ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് വലിയ ഇളവ് നൽകും.

സത്യാവസ്ഥ വെളിപ്പെടുത്തുന്നവരിൽ നിന്ന് അപേക്ഷാഫീസ്,ടെസ്​റ്റിംഗ് ഫീസ്, അഡി​ഷണൽ സെക്യൂരി​റ്റി ഫീസ് തുടങ്ങിയവ ഈടാക്കില്ല. വിതരണ ശൃംഖലയിൽ മാ​റ്റം വരുത്തുന്നതിനുമാത്രം പണം അടച്ചാൽ മതി. 31നുശേഷം അംഗീകൃത വയർമാന്റെ പരിശോധനാ റിപ്പോർട്ടും ഒരു കിലോവാട്ട് രേഖപ്പെടുത്തുന്നതിന് 300രൂപ എന്ന നിരക്കിൽ ഫീസും നൽകേണ്ടിവരും.

വൈദ്യുതി​ ഉപയോഗം

ഉപകരണം, ഏകദേശ വാട്സ്

എൽ.ഇ.ഡി ബൾബ്- 3 -12

സി.എഫ്.എൽ - 7 -30

ബൾബ് 40 - 60

ഫാൻ- 60

ട്യൂബ് ലൈ​റ്റ്- 30 - 40

ടി.വി 50 - 200

മിക്‌സി- 500 - 750

തേപ്പുപെട്ടി- 500 - 2000

ഫ്രിഡ്ജ്- 100 - 500

ഇൻഡക്ഷൻ കുക്കർ- 2000

ഹീ​റ്റർ- 1000 - 2500

വാഷിംഗ് മെഷീൻ- 350 - 600

മൈക്രോവേവ് ഓവൻ- 2000

എയർ കണ്ടീഷണർ- 1200 - 2500

സാധാരണ പ്ളഗ് -60

പവർപ്ളഗ്- 500

പമ്പ് സെ​റ്റ്- 375 -1500

ബി.എൽ.ഡി.സി ടെക്നോളജിയിൽ പ്രവർത്തിക്കുന്ന സീലിംഗ്, ടേബിൾ ഫാനുകൾ, മിക്സി തുടങ്ങിയവ വളരെ കുറഞ്ഞ വാട്ട്സിലാണ് പ്രവർത്തിക്കുന്നത്.