a

കൊച്ചി: കരുവന്നൂരിന് പുറമേ 12 സഹകരണ ബാങ്കുകളിൽ കൂടി വൻ ക്രമക്കേട് നടന്നതായി ഹൈക്കോടതിയിൽ ഇ.ഡിയുടെ സത്യവാങ്മൂലം. അയ്യന്തോൾ, തുമ്പൂർ, നടയ്ക്കൽ, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കടവിള, മൈലപ്ര, ചാത്തന്നൂർ, മാരായമുട്ടം സർവീസ് സഹകരണ ബാങ്കുകൾ, ബി.എസ്.എൻ.എൽ എൻജിനിയേഴ്‌സ് സഹ. ബാങ്ക്, കോന്നി റീജിയണൽ സർവീസ് സഹ. ബാങ്ക് എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഓഡിറ്റിംഗിൽ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് കോ ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർക്ക് അറിവുണ്ടായിട്ടും കണ്ണടച്ചു. വർഷങ്ങളോളം ഇതു തുടരുകയായിരുന്നു. ചില രാഷ്ട്രീയനേതാക്കൾക്കും പങ്കുണ്ടെന്നും അന്വേഷണം നിർണായകഘട്ടത്തിലാണെന്നും ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ എസ്.ജി. കവിത്കർ വ്യക്തമാക്കി.

കരുവന്നൂരിൽ സ്വത്ത് കണ്ടുകെട്ടിയതിനെതിരെ പ്രതി അലി സാബ്രിയുടെ ഹർജിക്കെതിരായ സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. ഒരുപാടുപേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികൾക്ക് സമൻസ് അയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.

രജിസ്ട്രാറെ ചോദ്യം ചെയ്യണം
 ആവശ്യപ്പെട്ട രേഖകളുമായി വരാമെന്നുപറഞ്ഞ രജിസ്ട്രാർക്ക് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ കിട്ടിയതോടെ അന്വേഷണം തുടരാനായില്ല. മറ്റ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണവും മരവിച്ചു. രജിസ്ട്രാറെ ചോദ്യംചെയ്യണം
 കോ ഓപ്പറേറ്റീവ് സൊസൈറ്റി ആക്ടിന് വിരുദ്ധമായ നടപടികളാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. മെമ്പർഷിപ്പ് നൽകിയതിലടക്കം ക്രമക്കേടുണ്ടായി. അംഗത്വ രജിസ്റ്ററോ അക്കൗണ്ട് ബുക്കുകളോ സൂക്ഷിച്ചില്ല
 സ്വർണപ്പണയത്തിന് ഈടായി നൽകിയ സ്വർണം വ്യാജമാണ്. നിയമവിരുദ്ധമായി സ്വർണക്കട്ടകൾ ഈടായി സ്വീകരിച്ചു. ചട്ടങ്ങൾ ലംഘിച്ച് ജീവനക്കാർക്ക് വായ്പ അനുവദിച്ചു. ബാങ്കിന്റ പരിധിയിൽ അല്ലാത്ത ഭൂമിയും ഈടായി സ്വീകരിച്ചു

അലി സാബ്രിക്ക് ചട്ടവിരുദ്ധ

വായ്പ ₹ 6.6 കോടി
ഹർജിക്കാരനായ അലിസാബ്രി സ്വന്തമായും കുടുംബാംഗങ്ങളുടെ പേരിലും കരുവന്നൂർ ബാങ്കിൽനിന്ന് ചട്ടവിരുദ്ധമായി 6.6 കോടിയിലേറെ രൂപ വായ്പയെടുത്തു. ഇതുപയോഗിച്ച് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലും ഭൂമിവാങ്ങി. ഈഭൂമി വാടാനപ്പിള്ളി സ്വദേശി ഫ്രാൻസിസ്, ഭാര്യ റോസി എന്നിവർക്ക് കൈമാറി പകരം തൃശൂർ മെഡിക്കൽ കോളേജിനുസമീപം ഒരേക്കർ വാങ്ങി. പിന്നീട് ഇതുവിറ്റ് ഗോവിന്ദാപുരത്ത് സ്ഥലം വാങ്ങിയെങ്കിലും അതുംവിറ്റു. പണം പ്രൈം ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്‌സ് എന്ന സ്വന്തം സ്ഥാപനത്തിൽ നിക്ഷേപിച്ചു.