1

പള്ളുരുത്തി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മധുരക്കമ്പനി കണ്ണങ്ങാട്ട് പാലം നിർമ്മാണം പൂർത്തിയായി. ഇതോടെ പള്ളുരുത്തിയിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമാകും. 30 വർഷമായിട്ടുള്ള പള്ളുരുത്തി- ഇടക്കൊച്ചി നിവാസികളുടെ ആവശ്യമാണ് പാലം. പാലം നിർമ്മാണത്തിന് ജോൺ ഫെർണാണ്ടസ് എം.എൽ.എ ആയിരുന്ന 2016 ൽ ആസ്തി വികസന ഫണ്ടിൽ നിന്ന് 2,78,78,000 രൂപ അനുവദിച്ചു. എന്നാൽ പാലം നിർമ്മാണം ആരംഭിച്ചിരുന്നില്ല.

 സ്ഥലമേറ്റെടുപ്പ് വിനയായിരുന്നു

പാലം നിർമ്മാണത്തിന് പ്രധാന തടസമായിരുന്നത് പള്ളുരുത്തി ഭാഗത്തെ സ്ഥലമെടുപ്പായിരുന്നു. ഈ കൗൺസിൽ വന്നതിനുശേഷം സ്ഥലം ഏറ്റെടുക്കുന്നതിന്റെ തടസ്സങ്ങൾ നീക്കി. 85,00,000 രൂപ നഗരസഭയുടെ ഫണ്ടിൽ നിന്ന് ചെലവഴിച്ച് പാലം നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടി പൂർത്തിയാക്കി.

പാലം നിർമ്മാണത്തിന് ആവശ്യമായി കൂടുതൽ വേണ്ടി വന്ന 27,50,416 രൂപയും നഗരസഭാ ഫണ്ടിൽ നിന്ന് അനുവദിച്ചു. ടെൻഡർ നടപടി സ്വീകരിച്ച് സമയബന്ധിതമായി പാലം നിർമ്മാണം പൂർത്തീകരിച്ചു.

 ജനപ്രതിനിധികൾ സന്ദർശിച്ചു

നിർമ്മാണം പൂർത്തീയാക്കിയ പാലം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം ഇന്ന് സന്ദർശിച്ചു. അപ്രോച്ച് റോഡിനാവശ്യമായ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീയാക്കുവാൻ നിർദ്ദേശിച്ചു. അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് ആദ്യഘട്ടമായി നഗരസഭ 55,00,000 രൂപ അനുവദിച്ചു. അപ്രോച്ച് റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായി വരുന്ന കണ്ണങ്ങാട്ട് ഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി 1 കോടി രൂപയും നഗരസഭ അനുവദിച്ചിട്ടുണ്ട്. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ ശ്രീജിത്ത്, കൗൺസിലർമാരായ അഡ്വ.പി.എസ് വിജു, ലൈലദാസ്, ജീജാ ടെൻസൻ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു.