1

പള്ളുരുത്തി: കുമ്പളങ്ങിയിലും സമീപ പ്രദേശങ്ങളിലും കവര് പൂക്കുന്നത് കാണാൻ സഞ്ചാരികളുടെ തിരക്ക്. സന്ധ്യ സമയങ്ങളിൽ കടലിനോട് ചേർന്ന് കിടക്കുന്ന കായൽ തീരത്താണ് കവര് പ്രത്യക്ഷമാവുന്നത്.

പണ്ട് കാലം മുതലേ ഈ പ്രതിഭാസം കായൽ തീരങ്ങളിൽ ഉണ്ടെങ്കിലും കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ ഹിറ്റായതോടെയാണ് കവരിന് പ്രസിദ്ധിയേറി. ഒഴുക്കില്ലാത്ത കെട്ടുകളിലാണ് പ്രതിഭാസം കൂടുതലായും കാണുന്നത്. ഉപ്പ് കൂടുന്നതോടെ വെള്ളത്തിന് കട്ടി വർദ്ധിക്കും. ചെമ്മീൻപാടങ്ങളിലാണ് ഇത് കൂടുതലായി കാണുന്നത്.

മാർച്ച്, ഏപ്രിൽ മാസത്തിലാണ് ഇതിന്റെ ഭംഗി വർദ്ധിക്കുന്നത്. എന്നാൽ മൺസൂൺ സീസൺ എത്തുന്നതോടെ ഇത് അപ്രതക്ഷ്യമാകും. ബയോലൂമിനസെൻസ് എന്ന പ്രതിഭാസമാണിത്. കെട്ടിക്കിടക്കുന്ന വെള്ളത്തെ അനക്കുമ്പോഴാണ് നീല വെള്ളി വെളിച്ചം പൊട്ടി വിടരുന്നത്. വെള്ളത്തിൽ ഉപ്പ് കനക്കുമ്പോൾ ബാക്ടീരിയ - ഫംഗസ് പോലുള്ള സൂക്ഷ്മജീവികൾ പുറത്ത് വിടുന്ന തണുത്ത വെളിച്ചമാണിത്. ഇണകളെ ആകർഷിക്കുന്നതിന് കൂടിയാണിത്.

ദൂരെ സ്ഥലങ്ങളിലുള്ളവർ കുമ്പളങ്ങിയിലെത്തി ഹോം സ്റ്റേയിൽ താമസിച്ചാണ് കവര് കാണുന്നത്. ജനം കൂടിയതോടെ പൊലീസ് വിലക്ക് ഏർപ്പെടുത്തുന്നത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. തട്ടുകടകൾ ഉൾപ്പെടെ ഇവിടെ പ്രവർത്തിക്കന്നുണ്ട്. വഞ്ചിയിൽ എത്തി കവര് തൊട്ടടുത്ത് നിന്ന് കാണുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് ഒരാളിൽ നിന്ന് 250 രൂപയോളം ഈടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.