കൊച്ചി: കറുകപ്പിള്ളിയിലെ ഗൃഹോപകരണ വില്പനശാലയുടെ ഗോഡൗണിൽ തീപിടിത്തം. മൂന്നാം നിലയുടെ ടെറസിൽ കാർഡ്‌ബോർഡ് പെട്ടികൾ സൂക്ഷിച്ചിരുന്ന ഭാഗത്ത് ഇന്നലെ വൈകിട്ട് 5.50നാണ് തീപടർന്നത്. ടെറസിൽ തകര ഷീറ്റുകൾ കൊണ്ട് മേൽക്കൂരയും ഭിത്തിയും നിർമിച്ചാണ് കാർഡ്‌ബോർഡ് പെട്ടികൾ സൂക്ഷിച്ചിരുന്നത്.
മുകളിലത്തെ നിലയിൽ ലിഫ്റ്റിനോട് ചേർന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന മോട്ടറിൽ നിന്നാകാം തീ പടർന്നതെന്നാണ് കരുതുന്നത്.
ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, ഗാന്ധിനഗർ ഗ്രേഡ് സ്‌റ്റേഷൻ ഓഫീസർ വി.വി. ബാബു എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധിനഗർ, ക്ലബ് റോഡ്, ഏലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നുള്ള 5 യൂണിറ്റുകൾ എത്തി ഒരു മണിക്കൂർകൊണ്ടാണ് തീയണച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഇലക്ട്രിക് ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ ആണ്. ഇവിടേക്ക് പടരാതെ തീ അണയ്ക്കാൻ സാധിച്ചതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു.