ldf

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള എറണാകുളം മണ്ഡലത്തിലെ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മത്സ്യമേഖലയുടെ പിന്തുണ തേടി യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. പുലർച്ചെ അഞ്ചിന് മുനമ്പം ഹാർബറിലെത്തിയ ഹൈബി ഹാർബറും മിനി ഹാർബറും സന്ദർശിച്ച് അവിടെയുണ്ടായിരുന്ന തൊഴിലാളികളുമായി സംവദിച്ചു.

തുടർന്ന് വൈപ്പിൻ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെത്തി ഹൈബി വോട്ടഭ്യർത്ഥിച്ചു. മുനമ്പം, പളളിപ്പുറം നോർത്ത്, സൗത്ത്, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പ്രദേശങ്ങളിലെ പ്രധാന വ്യക്തികളെ കണ്ടു. ചെറായിലെ സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹവും അദ്ദേഹം സന്ദർശിച്ചു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ കൊച്ചി മണ്ഡലത്തിലെ തോപ്പുംപടി, മുണ്ടംവേലി, നസ്രത്ത്, പള്ളുരുത്തി പ്രദേശങ്ങളിലും ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലും വോട്ടർമാരെ സന്ദർശിച്ചു. രാവിലെ കൊച്ചി ഫിഷറീസ് ഹാർബറിലെത്തിയ ഷൈനിന് തൊഴിലാളികൾ സ്വീകരണം നൽകി. തുടർന്ന് തോപ്പുംപടിയിലെ അസ്സിസി സദനം, എസ്.ഡി കോൺവെന്റ്, സെന്റ് മേരീസ് സിറിയൻ പള്ളി, സെന്റ് തോമസ് സ്‌കൂൾ എന്നിവ സന്ദർശിച്ചു. സൊനാറ്റ ഐസ്‌ക്രീം കമ്പനി, ബെസ്റ്റ് പാക്ക് കാർഡ് ബോർഡ് കമ്പനി ജീവനക്കാരോടും വോട്ട് അഭ്യർത്ഥിച്ചു.

മുണ്ടംവേലി സാന്റ മരിയ കോൺവെന്റ്, സാന്റ മരിയ സ്‌കൂൾ എന്നിവിടങ്ങളിലും വോട്ട് അഭ്യർത്ഥിച്ച ശേഷം പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക് മുണ്ടംവേലി ബ്രാഞ്ചിൽ എത്തിയ ഷൈനിനെ ജീവനക്കാർ സ്വീകരിച്ചു.

ഉച്ചക്ക് ശേഷം തെക്കേ ചെല്ലാനത്ത് എത്തിയ സ്ഥാനാർത്ഥി ടെട്രാപോഡ് കടൽഭിത്തി നിർമ്മിച്ച പ്രദേശവും സന്ദർശിച്ചു.