mangacurry

കൊച്ചി: അങ്കമാലിയുടെ സ്വന്തം വിഭവം 'അങ്കമാലി മാങ്ങാക്കറി'യുടെ പെരുമ കടൽ കടന്നു. ഒന്നര വർഷം വരെ കേടുവരാതെ, റെഡി ടു ഈറ്റ് പായ്‌ക്കറ്റിൽ മാങ്ങാക്കറിയുടെ കയറ്റുമതി തുടങ്ങി.

നോൺവെജിനോട് കിടപിടിക്കുന്ന ഒരു വെജിറ്റേറിയൻ വിഭവമാണ് അങ്കമാലി മാങ്ങാക്കറി. പുളിയൻ മാങ്ങ മറ്റു ചേരുവകൾക്കൊപ്പം തേങ്ങാപ്പാലിൽ തിളപ്പിച്ചു കുറുക്കിയെടുക്കുന്ന ഐറ്റം.

അങ്കമാലിയിലെ ക്രിസ്ത്യൻ കല്യാണങ്ങൾക്കും പെരുന്നാളിനും ക്രിസ്‌മസിനും ഈസ്റ്ററിനുമെല്ലാം ഒഴിച്ചുകൂടാനാകാത്ത വിഭവം. ഹോട്ടലുകളിൽ സാമ്പാറിനു പകരം ഒഴിച്ചുകൂട്ടാൻ കിട്ടുക മാങ്ങാക്കറിയാകും. തലേന്ന് തയാറാക്കിയതാണെങ്കിൽ സ്വാദേറും.

സിനിമയിലും ഇടംപിടിച്ച അങ്കമാലി മാങ്ങാക്കറിക്ക് നല്ല ഡിമാൻഡാണെന്ന് വിതരണക്കാർ പറയുന്നു. ഓൺലൈനിലും പ്രമുഖ സൂപ്പർമാർക്കറ്റുകളിലും ലഭിക്കും. നാട്ടിലെത്തി മടങ്ങുന്ന പ്രവാസികളും കൊണ്ടുപോകും.

ചുരുക്കം ഫുഡ്കമ്പനികളേ റെഡി ടു ഈറ്റ് മാങ്ങാക്കറി ഇറക്കുന്നുള്ളൂ. അതിനാൽ വിപണിയിൽ വലിയ മത്സരമില്ല. ഈസ്റ്ററിന് നല്ല കച്ചവടം പ്രതീക്ഷിക്കുന്നു.

150 രൂപ

200 ഗ്രാമിന് ഓൺലൈനിൽ 150 രൂപവരെ. വാക്വം പൗച്ചുകളിൽ നിറച്ച കറി രണ്ടുമിനിറ്റ് ചൂടാക്കി ഉപയോഗിക്കാം.

പാചകവിധി

മാങ്ങ, ചുവന്നുള്ളി, സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞുവയ്ക്കുക.

ഇതിൽ ഉപ്പും മഞ്ഞൾ, മുളക്, മല്ലി പൊടികളും നന്നായി തിരുമ്മിച്ചേർക്കുക. രണ്ടാംപാൽ ഒഴിച്ച് വേവിക്കുക. ചേരുവകൾ ചേർന്നാൽ അടുപ്പണച്ച് ഒന്നാം പാൽ ചേർക്കുക. കടുക്, വറ്റൽമുളക്, കറിവേപ്പില വറവ് ഇടുക.

 'റിടോർട്ട്" എന്ന സാങ്കേതികവിദ്യയിലാണ് പായ്‌ക്കിംഗ്. കറി നിറച്ച് സീൽചെയ്ത വാക്വം പൗച്ച് 117 ഡിഗ്രിയിൽ ചൂടാക്കി തണുപ്പിക്കും. ബാക്ടീരിയ നശിക്കുന്നതിനാൽ ദീർഘനാൾ കേടാകാതിരിക്കും. കെമിക്കലോ പ്രിസർവേറ്റീവോ ആവശ്യമില്ല.

- മനോജ് (കൊച്ചിയിലെ ഫുഡ് കമ്പനിയിലെ മാ‌ക്കറ്റിംഗ് മാനേജർ)