y

തൃപ്പൂണിത്തുറ: ചൂരക്കാട് വെടിക്കെട്ട് സ്ഫോടനത്തിൽ പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ പുനരുദ്ധാരണം വടക്കുപുറം നായർ കരയോഗം ഏറ്റെടുത്തതായി ഭാരവാഹികൾ അറിയിച്ചു.

സ്ഫോടന ദിവസം തന്നെ തൃപ്പൂണിത്തുറ സേവാഭാരതി സംഭവസ്ഥലത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തുടർന്ന് പൂർണമായി തകർന്ന രണ്ടു വീടുകളടക്കം 36 വീടുകൾ സേവാഭാരതി പൂർവസ്ഥിതിയിലാക്കി.

വടക്കുപുറം നായർ കരയോഗത്തിന്റെ നേതൃത്വത്തിൽ 5 അംഗങ്ങളടങ്ങിയ താത്കാലിക സമിതി സ്ഫോടനത്തിൽ കേടുപാട് പറ്റിയ 60 ലേറെ വീടുകളുടെ പണികൾ ഇതിനകം പൂർത്തിയാക്കി. സാരമായി കേടുപാടുകൾ പറ്റിയ 4 വീടുകളുൾപ്പെടെ 25 ലേറെ വീടുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. വീട്ടുകാർ സ്വയം അറ്റകുറ്റപ്പണികൾ നടത്തിയ വീടുകളുടെ ചെലവ് കരയോഗം വഹിക്കും.

നിലവിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ള കരയോഗത്തിലെ പ്രധാന ഭാരവാഹികൾ റിമാൻഡിലായതിനാൽ കോടതിയുടെ അനുമതിയോടെ ഒപ്പിട്ടുകിട്ടിയ ചെക്കിൽ നിന്ന് പണം പിൻവലിച്ചാണ് നിർമ്മാണം.

പൂർണമായും തകർന്ന ആൻഡ്രൂസിന്റെ വീട് ലയൺസ് ക്ലബ് ഏറ്റെടുത്ത് നിർമാണം ആരംഭിച്ചു. അതുവരെ താമസിക്കുന്നതിനുള്ള വീടിന്റെ വാടക കരയോഗം വഹിക്കും.