ആലുവ: അഞ്ച് ജില്ലകളിലായി 50 ലക്ഷം ജനങ്ങളുടെ കുടിവെള്ള സ്രോതസായ പെരിയാറിന്റെ സംരക്ഷണം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമെന്ന്പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ .
ആലുവ അദ്വൈതാശ്രമത്തിൽ സേവ് കേരള മിഷൻ സംഘടിപ്പിച്ച പെരിയാർ സംരക്ഷണ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ കുടിവെള്ള സ്രോതസ് മാത്രമല്ല, ലക്ഷക്കണക്കിന് കർഷകരുടെയും മത്സ്യതൊഴിലാളി മണൽ വാരൽ തൊഴിലാളികളുടെയും ആശ്രയമാണ് പെരിയാർ.
നദികളുടെ സംരക്ഷണം ജനതയുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. വെള്ളമൊഴുകുന്ന ഒരോ ചാലിനും ഒരുപാട് കഥകൾ പറയാനുണ്ട്. ഒരുപാട് ചരിത്രമുണ്ട്. നദി നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമായും സംരക്ഷിക്കണം. മലിനജലം സംസ്കരിക്കാതെ പലരും പെരിയാറിലേക്ക് തള്ളുകയാണെന്നും ഇത് തടയാൻ നടപടി വേണമെന്നും ശ്രീമൻ നാരായണൻ ആവശ്യപ്പെട്ടു.
പരിസ്ഥിതി പ്രവർത്തകൻ ഇ.പി. അനിൽ മോഡറേറ്ററായിരുന്നു. എം.പി. മത്തായി, ഡോ. ഡി. മാർട്ടിൻ ഗോപുരത്തിങ്കൽ എന്നിവർ വിഷയാവതരണം നടത്തി. സേവ് കേരള മിഷൻ സെക്രട്ടറി കെ.എസ്. പ്രകാശ് ആമുഖ പ്രസംഗം നടത്തി. ഗ്രീൻ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ശ്രീനിവാസൻ ഇടമന, സെക്രട്ടറി ജിൻസി ജേക്കബ്, വർഗീസ് വട്ടേക്കാട്ടിൽ, ടി.വി. രാജൻ എന്നിവടക്കം പങ്കെടുത്തു.
മാലിന്യത്താൽ വീർപ്പുമുട്ടി പെരിയാർ
*പെരിയാർ മലിനീകരണം ഏറ്റവും അധികം ബാധിച്ച നദി.
*നദി ഏറ്റുവാങ്ങുന്നത് എല്ലാത്തരം മാലിന്യങ്ങളും
*കണ്ടെത്തിയത് 100ലേറെ മലിനീകരണ പോയിന്റുകൾ
*മലിനീകരണത്തിനു മുന്നിൽ ആശുപത്രികൾ മുതൽ വൻകിട കമ്പനികൾ വരെ