mv-ruen

മുംബയ്: സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട മാൾട്ട രജിസ്ട്രേഷനുള്ള എം.വി. റുവൻ എന്ന കപ്പലിനെ 40 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ രക്ഷിച്ച് ഇന്ത്യൻ നാവികസേന. കപ്പലിലുണ്ടായിരുന്ന 35 കടൽക്കൊള്ളക്കാർ നേവിക്ക് മുമ്പിൽ കീഴടങ്ങി. കപ്പലിൽ ബന്ദികളാക്കപ്പെട്ട 17 ജീവനക്കാരെ നേവി മോചിപ്പിച്ചു. അംഗോള,​ ബൾഗേറിയ,​ മ്യാൻമർ പൗരന്മാരായ ഇവർ എല്ലാവരും സുരക്ഷിതരാണ്. ഐ.എൻ.എസ് കൊൽക്കത്ത യുദ്ധക്കപ്പലിന്റെയും മാർക്കോസിന്റെയും (മറൈൻ കമാൻഡോസ് )​ നേതൃത്വത്തിലായിരുന്നു ദൗത്യം.

എം.എൻ.ബി എന്ന ബൾഗേറിയൻ കമ്പനിയുടെ ചരക്കുകപ്പലായ എം.വി. റുവനെ ഡിസംബർ 14നാണ് 18 ജീവനക്കാരെ സഹിതം കൊള്ളക്കാർ തട്ടിയെടുത്തത്. ജീവനക്കാരുടെ സന്ദേശത്തെ തുടർന്ന് മേഖലയിൽ പട്രോളിംഗ് നടത്തിയിരുന്ന ഇന്ത്യൻ യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊച്ചി അന്ന് എം.വി.റുവന് അടുത്തെത്തിയെങ്കിലും സോമാലിയൻ തീരത്തേക്ക് അവർ രക്ഷപ്പെട്ടിരുന്നു. ഇതിനിടെ, പരിക്കേറ്റ ഒരു ജീവനക്കാരനെ ഐ.എൻ.എസ് കൊച്ചിയിലെത്തിച്ച ശേഷം ഒമാനിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം,​ എം.വി. റുവനെ 'മദർ ഷിപ്പ്' ആക്കി മറ്റ് ചരക്കുകപ്പലുകൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൊമാലിയൻ കടൽക്കൊള്ളക്കാർ. വെള്ളിയാഴ്ച അറബിക്കടലിൽ സോമാലി​യൻ തീരത്തിനടുത്ത് വച്ച് എം.വി. റുവനിൽ നിന്ന് നേവി കോപ്ടറിന് നേരെ കൊള്ളക്കാരുടെ വെടിവയ്പുണ്ടായി. ഇതോടെയാണ് നേവി ദൗത്യമാരംഭിച്ചത്.

കഴി​ഞ്ഞയാഴ്ച ഇതേ മേഖലയി​ൽ എം.വി.അബ്ദുള്ള എന്ന ബംഗ്ലാദേശ് ചരക്കുകപ്പൽ തട്ടിയെടുക്കാൻ കൊള്ളക്കാർ എം.വി. റുവനെ ഉപയോഗിച്ചെന്നാണ് സൂചന. 23 ജീവനക്കാരുള്ള കപ്പലി​ൽ നി​ന്ന് അപായസന്ദേശം കി​ട്ടി​യതിനെ തുടർന്ന് ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് തർക്കഷ് യുദ്ധക്കപ്പൽ നിരീക്ഷണ വിമാനത്തിന്റെ സഹായത്തോടെ എം.വി.അബ്ദുള്ളയ്ക്ക് സമീപമെത്തിയെങ്കിലും സോമാലിയൻ അതിർത്തിയിലേക്ക് പ്രവേശിച്ച കപ്പലിനെയോ ജീവനക്കാരെയോ രക്ഷിക്കാനായില്ല.

മൊസാംബിക്കിൽ നിന്ന് യു.എ.ഇയിലേക്ക് പോവുകയായിരുന്നു ഈ കപ്പൽ. ജീവനക്കാർ ബംഗ്ലാദേശികളാണ്. ഒരു യൂറോപ്യൻ കപ്പലും സഹായത്തിനെത്തിയെങ്കിലും ആയുധധാരികളായ കൊള്ളക്കാർ ജീവനക്കാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ മറ്റു നടപടികൾക്ക് തുനിഞ്ഞില്ല. ഈ കപ്പൽ സോമാലിയൻ തീരത്തുണ്ടെന്നാണ് സൂചന.