
കൊച്ചി: ചാറ്റൽമഴയിൽപ്പോലും വെള്ളക്കെട്ടിലാകുന്ന സ്കൂളെന്ന പേരുദോഷം മാറ്രിയെഴുതാൻ മുന്നിട്ടിറങ്ങിയ എറണാകുളം എസ്.ആർ.വി സ്കൂൾ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ്. വിദേശരാജ്യങ്ങളിൽ വെള്ളക്കെട്ടിനെ പിടിച്ചുനിറുത്താൻ പ്രയോഗിക്കുന്ന 'സ്പോഞ്ച് സിറ്റി' രീതിയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഒ.എസ്.എ) മുൻകൈയെടുത്ത് നിർമ്മാണം പൂർത്തിയാക്കിയ പദ്ധതിയുടെ ആദ്യഘട്ടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
മഴക്കാലത്ത് ക്ലാസുകൾപോലും മുങ്ങുംവിധമായിരുന്നു സ്കൂളിലെ വെള്ളെക്കട്ട്. ഇതിന് ശാശ്വതപരിഹാരം കണ്ടെത്താൻ ഒ.എസ്.ഒ ഭാരവാഹികൾ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഒ.എസ്.എ അംഗങ്ങൾ വിദ്യാലയത്തെ 'കര'കയറ്റാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റും പ്രമുഖ ആർക്കിടെക്ടുമായ ബി.ആർ. അജിത്താണ് സ്പോഞ്ച് സിറ്റി മാതൃക മുന്നോട്ടുവച്ചത്.
എം.ജി റോഡിൽ നിന്നുള്ള പ്രവേശന കവാടത്തിന്റെ ഭാഗത്താണ് സ്പോഞ്ച് സിറ്റി ഉപയോഗിച്ചിക്കുന്നത്. ഒന്നരമാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. 10 ലക്ഷം രൂപയാണ് ചെലവ്. സ്കൂൾ മുഴുവൻ ഈരീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇതിനായി ചുരുങ്ങിയത് 65ലക്ഷം രൂപയാകുമെന്നാണ് കണക്കൂകൂട്ടൽ. സന്നദ്ധ സ്ഥാപനങ്ങളുടെ സഹായം ആദ്യഘട്ടത്തിന് ലഭിച്ചിരുന്നു. കൂടുതൽ സഹായങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒ.എസ്.എ ഭാരവാഹികൾ.
സ്പോഞ്ച് സിറ്റി
രണ്ട് അടി വീതിയിലും നാലടി താഴ്ചയിലും കുഴിയെടുക്കുകയാണ് ആദ്യഘട്ടം. ഇതിലേക്ക് ബേബിമെറ്റൽ (ചെറിയമെറ്റൽ) നിറയ്ക്കും. തുടർന്ന് പത്തിഞ്ച് കനത്തിൽ മണൽ നിരത്തും. ഇതിന് മുകളിലേക്ക് വീണ്ടും ബേബിമെറ്റലിടും. സിമന്റ് ഉപയോഗിക്കാതെ ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതോടെ സ്പോഞ്ച് സിറ്റി സെറ്റായി. മഴവെള്ളം എളുപ്പത്തിൽ ഭൂമിയിലേക്ക് ഇറങ്ങുന്നതോടെ വെള്ളെക്കെട്ടിനെ പിടിച്ചുനിറുത്താൻ സാധിക്കുമെന്നതാണ് സ്പോഞ്ച് സിറ്രിയുടെ പ്രത്യേകത.
കുളമാക്കിയത്
റോഡ് പണി
അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് ചരിത്രപ്രാധാന്യമുള്ള വിദ്യാലയത്തെ വെള്ളക്കെട്ടിലാക്കിയതെന്ന് ഒ.എസ്.എ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. വിദേശരാജ്യങ്ങളിൽ റോഡ് അറ്റകുറ്റപ്പണിയെന്നാൽ തകർന്ന റോഡ് പൂർണമായും പൊളിച്ചുനീക്കി അവിടെ വീണ്ടും ടാറിംഗ് ചെയ്യുന്നതാണ്. എന്നാൽ ടാറിംഗിന് മുകളിലൂടെ ടാറ് ചെയ്യുന്നതാണ് കേരളത്തിലെ രീതി. ഇങ്ങിനെ ചെയ്ത് എം.ജി റോഡ് ഉയരുകയും സമീപത്തെ കെട്ടിടങ്ങളും സ്ഥാപനങ്ങളുമെല്ലാം കാലക്രമേണ വെള്ളക്കെട്ടിലാവുകയുമായിരുന്നു. ഇനിയെങ്കിലും ടാർ ഇളക്കിയ ശേഷം റോഡ് നിർമ്മാണം നടത്തണമെന്നാണ് ഒ.എസ്.ഒ ഭാരവാഹികളുടെ ആവശ്യം.