
പറവൂർ: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നഗരമാണെങ്കിലും പറവൂരിന്റെ പടിക്കൽ പോലും വികസനം എത്തിയിട്ടില്ല. തകർന്നടിഞ്ഞ പരമ്പരാഗതവ്യവസായങ്ങളുടെ ആസ്ഥാനമെന്ന പേരുദോഷം മാറ്റാനുള്ള ശ്രമങ്ങൾ പാതിവഴിയിലാണ്. കൊച്ചി മെട്രോ പറവൂരിലേക്ക് നീട്ടിയാൽ നഗരത്തിലും തൃശൂർ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും വികസനമെത്തും. നാലു പതിറ്റാണ്ട് കാത്തിരുന്ന ദേശീയപാത 66ന്റെ നിർമ്മാണം ആരംഭിച്ചതാണ് മറ്റൊരു പ്രതീക്ഷ. പാത പൂർത്തിയായാൽ വലിയ മാറ്റമുണ്ടാകും.
അടിസ്ഥാനസൗകര്യവികസനത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തീരദേശ മേഖലയായിട്ടും കുടിവെള്ളക്ഷാമം നേരിടുന്നു. ചൊവ്വര കുടിവെള്ള പദ്ധതിയാണ് ഏക ആശ്രയം. ജൽ ജീവൻ മിഷൻ വഴി എല്ലാ വീടുകളിലും ലൈൻ ലഭിച്ചെങ്കിലും ജലക്ഷാമം കൂടുകയാണ് ചെയ്തത്. പമ്പിംഗ് സമയം കുറച്ചതിനാൽ അകലെയുള്ള പ്രദേശങ്ങളിൽ വെള്ളം എത്തുന്നുമില്ല. തീരദേശ മേഖലയിലെ കുടിവെള്ള പരിഹാരത്തിന് പുതിയൊരു ജലവിതരണ പദ്ധതി തയ്യാറാക്കണം.
തകർന്നടിഞ്ഞ്
പരമ്പരാഗത മേഖല
കയർ, കൈത്തറി, കള്ളുചെത്ത്, ഉൾനാടൻ മത്സ്യബന്ധം തുടങ്ങിയ പരമ്പരാഗത തൊഴിൽമേഖല തകർന്നതോടെ ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടമായി. പരമ്പരാഗത തൊഴിൽ സംരക്ഷിക്കാൻ അധുനിക സംവിധാനങ്ങളോടെ പുതിയ കേന്ദ്രങ്ങൾ ഉണ്ടാകണം. പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ സംരംഭങ്ങളില്ല.
ദേശീയപാതയോട് ചേർന്ന് മൊബിലിറ്റി ഹബിനായി പെരുമ്പടന്നയിൽ രണ്ട് ഏക്കറിലേറെ ഭൂമി ഏറ്റെടുക്കണം. ബസ്റ്റ് സ്റ്റാന്റും ഷോപ്പിംഗ് മാളുമടക്കം മൊബിലിറ്റി ഹബിന്റെ ഭാഗമാകും. കേന്ദ്ര സംസ്ഥാന പദ്ധതി ഫണ്ടുകൾ ഇതിന് ആവശ്യമാണ്. വികസനത്തിനായുള്ള ഡി.പി.ആർ തയ്യാറാക്കാൻ നഗരസഭ ബഡ്ജറ്റിൽ ഏഴ് ലക്ഷം വകയിരുത്തിയിട്ടുണ്ട്.
പറവൂർ കോടതിക്ക് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നാല് ഏക്കറിലധികം വരുന്ന കച്ചേരിമൈതാനത്തുള്ള പഴയ കെട്ടിടത്തിലാണ് രണ്ട് ജില്ലാ കോടതി, രണ്ട് സബ് കോടതി, മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ഉൾപ്പെടെ എട്ട് കോടതികൾ പ്രവർത്തിക്കുന്നത്. പുതിയൊരു കോടതി സമുച്ചയം നഗരത്തിന്റെ വികസനത്തിന് വേഗം കൂട്ടും.
കുടിവെള്ളക്ഷാമം രൂക്ഷം
ചൊവ്വര കുടിവെള്ള പദ്ധതി പറവൂർ മേഖലയിലെ ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരമായിരുന്നെങ്കിലും 1.40 ലക്ഷം കണക്‌ഷനുകൾ വന്നതോടെ വെള്ളം മതിയാകാതെ വന്നു. ജൽ ജീവൻ മിഷൻ, അമൃത് പദ്ധതികൾ നടപ്പിലാക്കിയതോടെ 25,000 പുതിയ കണക്‌ഷനുകൾ രണ്ട് വർഷത്തിനുള്ളിൽ കൂടി. കുടിവെള്ള ക്ഷാമം രൂക്ഷമാകാതിരിക്കാൻ പുതിയ കുടിവെള്ള പദ്ധതി ആവശ്യമാണ്.