bjp

കൊച്ചി: തിരഞ്ഞെടുപ്പ് ഗോദയിൽ ഇടതുപക്ഷ, കോൺഗ്രസ് സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ നിൽക്കുമ്പോഴും എറണാകുളം മണ്‌ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മാത്രം കാണാമറയത്ത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും എൻ.ഡി.എ സ്ഥാനാർത്ഥി നിർണയത്തിൽ സസ്പെൻസ് തുടരുന്നു. സംസ്ഥാനത്തെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബി.ജെ.പിയും നാല് സ്ഥാനാർത്ഥികളെ ബി.ഡി.ജെ.എസും പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം ബി.ഡി.ജെ.എസ് ഇന്നലെയാണ് പ്രഖ്യാപിച്ചത്.

അദ്ധ്യാപികയായ കെ.ജെ. ഷൈനെ ഇടതുപക്ഷം ഫെബ്രുവരിയിലും സിറ്റിംഗ് എം.പിയായ ഹൈബി ഈഡനെ മാർച്ച് ആദ്യവും ഇതര മുന്നണികൾ കളത്തിലിറക്കി. തിരഞ്ഞെടുപ്പ് കൺവെൻഷനുകളും ആദ്യ ഘട്ട റോഡ് ഷോയും പൂർത്തിയാക്കി ഇരു പക്ഷവും വോട്ടർമാരെയും പ്രമുഖരെയും നേരിട്ട് കാണുന്ന തിരക്കിലുമാണ്. പുലർച്ചെ ആരംഭിക്കുന്ന പ്രചാരണ- പര്യടന പരിപാടികൾ രാത്രി വൈകിയും നീളും.

ഷോൺ പരിഗണനയിൽ?...

അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന പി.സി. ജോർജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജിനെ എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കാൻ നീക്കം നടക്കുന്നതായാണ് സൂചന. ക്രൈസ്തവ പരിഗണനയുറപ്പിക്കാൻ ഇത് മുതൽക്കൂട്ടാകുമെന്ന കണക്കുകൂട്ടലാണിതിന് പിന്നിൽ. പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയതിനു പിന്നാലെ പരസ്യമായി എതിർപ്പറിയിച്ച് രംഗത്തെത്തിയ പി.സി. ജോർജിനെയും കൂട്ടരെയും അനുനയിപ്പിക്കാനും ഇത് ഉപകരിക്കും. ഒപ്പം പത്തനംതിട്ടയിലെ വോട്ടുപെട്ടിയിൽ നിന്നുള്ള വോട്ടു ചോർച്ച തടയാമെന്നും പാർട്ടി- മുന്നണി വൃത്തങ്ങൾ കണക്കുകൂട്ടുന്നുണ്ട്.

കഴിഞ്ഞവട്ടം വോട്ട്കൂട്ടി ബി.ജെ.പി

2014ലെ തിരഞ്ഞെടുപ്പിൽ എ.എൻ. രാധാകൃഷ്ണനിലൂടെ ലക്ഷത്തിനടുത്ത് വോട്ട് (99,003) നേടിയ (11.63%) ബി.ജെ.പി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് അൽഫോൺസ് കണ്ണന്താനത്തെയിറക്കി 1,37,749 ആയി ഉയർത്തിയിരുന്നു. വോട്ട് ശതമാനം 14.24 ആയും ഉയർന്നു. ആ വോട്ട് വർദ്ധനയ്ക്ക് സാമുദായിക പരിഗണന കാരമായിട്ടുണ്ടാകാമെന്ന വിലയിരുത്തലിലാണ് ചർച്ചകൾ ഷോൺ ജോർജിലേക്കെത്തുന്നത്.