road-
വീണ്ടും വിവാദമായ ആലുവ കാസിനോ തീയറ്ററിന് സമീപത്തെ ടാറിംഗ്

ആലുവ: ഭൂഗർഭ കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടാകുന്ന കുഴികൾ ശാസ്ത്രീയമായി ടാറിംഗ് നടത്തുന്നില്ലെന്ന് പരാതി. പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുവന്ന ടാർ കലർന്ന മെറ്റൽ ആശാരിമാർ ഉപയോഗിക്കുന്ന കൊലശേരി ഉപയോഗിച്ചാണ് ഉറപ്പിച്ചതെന്നാണ് ആക്ഷേപം. ഇതോടെ സോഷ്യൽ മീഡിയയിൽ ആലുവയിലെ ടാറിംഗ് ട്രോൾ വൈറലായി. പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ പാസ്‌പോർട്ട് ഓഫീസ്, എൽ.ഐ.സി, കാസിനോ തുടങ്ങിയ ഭാഗത്താണ് വാഹനയാത്രക്കാർക്ക് ഭീഷണിയായി കുഴികൾ രൂപപ്പെട്ടിരുന്നത്. താത്കാലികമായി കുഴികൾ മൂടുന്നത് അപകടക്കെണിയാകുന്നുവെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ 12 ന് 'കേരള കൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് വീണ്ടും ടാറിംഗിന് പി.ഡബ്ലിയു.ഡി നടപടിയെടുത്തത്. 'ശാസ്ത്രത്തിന്റെ വളർച്ചയേ,​ ഒരു തൂമ്പയും കൊലശേരിയും ഉണ്ടെങ്കിലും ടാറിംഗ് നടക്കും' തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പൈപ്പുപൊട്ടിയുണ്ടാകുന്ന കുഴികളിൽ മെറ്റലും അതിനു മുകളിൽ ടാറും ഇടുന്നുണ്ടെങ്കിലും ഉറപ്പിക്കാത്തതിനാർ അടുത്ത ദിവസം തന്നെ വാഹനങ്ങൾ കയറി റോഡ് പഴയ പടിയാകുന്നുവെന്നാണ് ആക്ഷേപം. അടിയന്തരമായി കുഴികൾ നികത്തണമെന്ന ആവശ്യം ശക്തമായതോടെയാണ് പി.ഡബ്ലിയു.ഡി പുതിയ അടവുമായി എത്തിയത്.