 
മൂവാറ്റുപുഴ: നഗരത്തിലെ ലത ബസ് സ്റ്റാൻഡിനു സമീപത്തെ പൈനായിൽ ബേക്കറിയിൽ എത്തിയാൽ ചായയുടെയും കേക്കിന്റെയും മാത്രമല്ല അക്ഷരങ്ങളുടെയും രുചി നുണയാം. പുതുതലമുറയെ വായനയോട് അടുപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യത്യസ്തമായ പദ്ധതിക്ക് ബേക്കറി ഉടമയും എഴുത്തുകാരനുമായ പി.എം. ഷുക്കൂർ നൽകിയിരിക്കുന്ന പേര് കോഫി വിത്ത് എ ബുക്ക്.
ആശയം രാജ്യത്തെ മറ്റുനഗരങ്ങൾക്ക് പരിചിതമാണെങ്കിലും മൂവാറ്റുപുഴയിൽ ഇതാദ്യം.
വേനൽചൂടിൽ ആശ്വാസംതേടി ശീതളപാനീയങ്ങളോ ചായയോ കുടിക്കാൻ എത്തുന്നവർക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കാനുള്ള അവസരമാണ് പൈനായിൽ ബേക്കറിയിൽ ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങൾ വയ്ക്കാൻ ബേക്കറിയിൽ പ്രത്യേകം അലമാരകളുണ്ട്.
വിശ്വസാഹിത്യകൃതികൾ അടക്കം വായനക്കാർക്ക് തിരഞ്ഞെടുക്കാം.
പുസ്തകങ്ങൾ കടയിൽ ഇരുന്നു വായിക്കാൻ മാത്രമേ അനുവാദമുള്ളു. പുസ്തകം വീട്ടിൽകൊണ്ടുപോയി വായിക്കണമെന്നുള്ളവർക്ക് തൊട്ടടുത്ത സെൻട്രൽ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കാൻ ഷുക്കൂർ സഹായിക്കും.ർ
ഹോംലൈബ്രറി സമ്പന്നം
എണ്ണായിരത്തോളം പുസ്തകങ്ങളുള്ള ഹോംലൈബ്രറി ഷുക്കൂറിനുണ്ട്. മുപ്പത്തിയഞ്ച് വർഷമായി അദ്ദേഹം പുസ്തകങ്ങൾ വാങ്ങുന്നു. വരുമാനത്തിൽ നല്ലൊരു പങ്കും അതിന് ചെലവിടുന്നു. ബേക്കറിയിലെ തിരക്കുകൾക്കിടെയും പുസ്തകരചനയ്ക്കും വായനയ്ക്കും ഷുക്കൂർ സമയം കണ്ടെത്തും.
’ചങ്ങമ്പുഴ ജീവിതവും കലാപവും’ എന്നതടക്കം നിരവധി ഗ്രന്ഥങ്ങളും ഷുക്കൂർ രചിച്ചിട്ടുണ്ട്.
ഭാര്യയും മക്കളും ഷുക്കൂറിന്റെ പുസ്തകപ്രേമത്തിന് പൂർണപിന്തുണ നൽകുന്നു.
യുവതലമുറയെ വായനയിലേക്ക് അടുപ്പിക്കുകയും സാഹിത്യകാരന്മാരെ പരിചയപ്പെടുകയും ചെയ്യുക എന്നതാണ് ഉദ്യമത്തിന്റെ ലക്ഷ്യം
ഷുക്കൂർ