കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഫയർ ആൻഡ് സേഫ്ടി ഓഡിറ്റ് നിർദ്ദേശിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. നിലവിലെ അഗ്നിരക്ഷാ സംവിധാനം പര്യാപ്തമോ എന്നതിൽ അനിശ്ചിതത്വമുണ്ട്. അതിനാൽ കഴിഞ്ഞവർഷത്തേതിന് സമാനമായ ദുരന്തം ആവർത്തിക്കാതിരിക്കാൻ ഹൈക്കോടതി ഇടപെടണമെന്നും അമിക്കസ് ക്യൂറിമാരായ ടി.വി. വിനു, പൂജ മേനോൻ, എസ്. വിഷ്ണു എന്നിവരുടെ റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. റിപ്പോർട്ടിൽ പറയുന്നു. വിഷയം നാളെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുടെ ബെഞ്ച് പരിഗണിക്കും. തീപിടിത്തമടക്കമുള്ള പ്രശ്നങ്ങൾ കണക്കിലെടുത്ത് രണ്ടുജഡ്ജിമാരും കഴിഞ്ഞദിവസം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ സന്ദർശനം നടത്തിയിരുന്നു.

നിർദ്ദേശങ്ങൾ

മാലിന്യ സംസ്കരണ കേന്ദ്രത്തിൽ അവിടവിടെ തീപിടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. അത് വ്യാപിക്കാതെ തുടക്കത്തിലേ കണ്ടെത്തി കെടുത്താനുള്ള നടപടിവേണം.

 ഏതെങ്കിലും കാരണവശാൽ തീപടർന്നാൽ അത് പെട്ടെന്ന് നിയന്ത്രിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വേണം.

ബി.എസ്.എഫ് പ്രൊജക്ട് പ്രാവർത്തികമാകും വരെ ദ്രവമാലിന്യങ്ങൾ സംസ്കരിക്കാൻ കൊച്ചി കോർപറേഷൻ ബദൽ സംവിധാനമുണ്ടാക്കണം. അല്ലാത്തപക്ഷം അണുക്കളും എലിയടക്കമുള്ള കീടങ്ങളും പെരുകാനിടയാകും.