അങ്കമാലി: നായത്തോട് മേഖലയിൽ തെരുവുനായ കടിച്ച് അഞ്ചുപേർ ചികിത്സയിൽ. കഴിഞ്ഞ ദിവസം നായത്തോട് സെന്റ് സെബാസ്റ്റ്യൻ കപ്പേള പരിസരത്തുവച്ചാണ് തെരുവുനായ ആക്രമണം ഉണ്ടായത്. നായത്തോട് സ്വദേശി ജോജി ജോസ്, അയ്യമ്പുഴ സ്വദേശി ജോയൽ ബൈജു കോളാട്ടുകുടി,​ എയർപോർട്ടിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മൂന്നു പേർക്കുമാണ് കടിയേറ്റത്.

എയർപോർട്ട് അനുബന്ധ ജോലിയുമായി ബന്ധപ്പെട്ട് നിരവധി പേർ ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് അടക്കം ജോലി ചെയ്യുന്നവർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി മാറുകയാണ് തെരുവ് നായകൾ. കൂട്ടം ചേർന്ന് അലഞ്ഞ് നടക്കുന്ന നായ്ക്കൾക്ക് പേവിഷബാധ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. തെരുവുനായകളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണം നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന്.കൗൺസിലർമാരായ ടി.വൈ ഏല്യാസ്, രജനി ശിവദാസൻ എന്നിവർ ആവശ്യപ്പെട്ടു.