hybi

കൊച്ചി: 2019ലേതിനു സമാനമായ വോട്ടെടുപ്പ് വോട്ടെണ്ണൽ തീയതികളാണ് ലഭിച്ചതെന്നും തിരഞ്ഞെടുപ്പ് പ്രചാരണം ഇനി ശക്തമാകുമെന്നും എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പറഞ്ഞു. യു.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങളിലുൾപ്പെടെ ഏറെ മുന്നിലാണ്. സംഘടന സംവിധാനം കൃത്യമായ പദ്ധതികളുമായി മുന്നോട്ട് പോകുന്നു. പരമാവധി സമയം പ്രയോജനപ്പെടുത്തി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വലിയ ക്യാമ്പയിൻ നയിക്കാനും അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും ഈ അവസരം പ്രയോജനപ്പെടുത്തും.

എം.പി എന്ന നിലയിലെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയും ചെയ്യും. പാർലമെന്റ് കൺവെൻഷൻ, ബൂത്ത് തല ഓറിയന്റേഷനുകൾ എന്നിവ പൂർത്തിയാക്കി, നിയോജക മണ്ഡലം കൺവെൻഷനുകൾ മൂന്ന് ദിവസം കൊണ്ട് പൂർത്തീകരിക്കും.

പ്രചാരണ ചൂടേറും; കെ.ജെ. ഷൈൻ

തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച അനശ്ചിതത്വം മാറി. 40 ദിവസം മാത്രം അപ്പുറത്തെ തിരഞ്ഞെടുപ്പ് തീയതി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ തവണത്തേതിനേക്കാൾ പ്രചാരണത്തിന് ദിവസം കുറച്ചുകൂടിയുണ്ട്. അതിനെയും സന്തോഷത്തോടെ കാണുന്നു. ഇടതു ക്യാമ്പ് ആവേശത്തിലാണ്. മണ്ഡലം കൺവെൻഷനുകൾ കഴിഞ്ഞു. പ്രദേശിക കൺവെൻഷനുകളും കുടുംബ യോഗങ്ങളും നടന്നു വരുന്നു. മുന്നണി തലത്തിൽ തീരുമാനിക്കപ്പെട്ട പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇടതുപക്ഷം കേരളത്തിന് സമ്മാനിച്ച ക്ഷേമ- വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാകും ജനങ്ങൾ വോട്ട് ചെയ്യുകയെന്ന് ഉറപ്പുണ്ട്.