കൊച്ചി: 180 വർഷത്തിലധികം പഴക്കമുള്ള എറണാകുളം എസ്.ആർ.വി സ്‌കൂളിന്റെ പൈതൃകം സംരക്ഷിക്കുന്നതിന് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എറണാകുളം എസ്.ആർ.വി ഹൈസ്‌കൂളിലെ വെള്ളക്കെട്ട് നിവാരണത്തിനായി എസ്.ആർ.വി ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക് സഭാ തിരഞ്ഞെടുപ്പിനുശേഷം ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വെള്ളക്കെട്ട് നിവാരണ പദ്ധതിക്കായി സി.എസ്.ആർ ഫണ്ട് മുഖേന 12 ലക്ഷം അനുവദിച്ച സെയിന്റ് ഗോബിയൻ ഗ്ലാസ് മാനേജിംഗ് ഡയറക്ടർ ഉണ്ണിക്കൃഷ്ണന്റെ സന്ദേശം വായിച്ചു. നിർമ്മാണ ജോലി പൂർത്തിയാക്കിയ കെട്ടിടനിർമ്മാണക്കമ്പനി ഉടമ സുനിൽ ബാബുവിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ഹൈബി ഈഡൻ എം.പി, സ്‌കൂൾ രക്ഷാധികാരി ഡോ. എ.കെ സഭാപതി, പി.ടി. എ പ്രസിഡന്റ് രജീവ്, വെള്ളക്കെട്ട് നിവാരണ പദ്ധതി കമ്മിറ്റി വൈസ് പ്രസിഡന്റ് കർമ്മ ചന്ദ്രൻ, ഇന്ത്യൻ ടീം മുൻ ഫുട്‌ബാൾ താരവും എസ്.ആർ.വി ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ സി.സി. ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.