
ഇക്കുറി തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും തമ്മിലുള്ള ഇടവേള അല്പം കൂടുതലാണ്. തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്തുന്നത് കൊണ്ട് രാഷ്ട്രീയപാർട്ടികൾക്കും സർക്കാർ സംവിധാനങ്ങൾക്കും ജനങ്ങൾക്കും ഗുണവും ദോഷവും ഉണ്ട്. പ്രചാരണ കാലയളവ് നീളുന്നത് പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും വലിയ സാമ്പത്തിക ബാദ്ധ്യതയും അദ്ധ്വാനവും സൃഷ്ടിക്കും. കാലവസ്ഥാ പ്രശ്നങ്ങൾ വേറെയും. ആദ്യഘട്ടങ്ങളിൽ വോട്ടു ചെയ്യുന്നവർ ഫലമറിയാൻ ഒരുപാട് കാത്തിരിക്കണം. തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ അധികമാകുന്നത് കൊണ്ട് പാർട്ടികളുടെ തന്ത്രങ്ങളിൽ വലിയ വ്യത്യാസമൊന്നും വേണ്ടിവരില്ല.
2014ൽ മേയ് 14ന് ഫലപ്രഖ്യാപനമുണ്ടായി. മേയ് 31ന് 15ാം ലോക്‌സഭയുടെ കാലാവധി തീരുംമുമ്പ് മേയ് 26ന് നരേന്ദ്രമോദി സർക്കാർ അധികാരമേൽക്കുകയും ചെയ്തു. 1977ൽ ഒറ്റഘട്ടമായിരുന്നു തിരഞ്ഞെടുപ്പ്. മാർച്ച് 19ന് പോളിംഗും പിറ്റേന്ന് ഫലവും വന്നു. എല്ലാം ലളിതം. 1980ൽ അതു രണ്ട് ഘട്ടമായി. കേരളത്തിൽ തിരുവിതാംകൂറിലും മലബാറിലും രണ്ട് ദിവസമായിരുന്നു പോളിംഗ്. രണ്ടാം ദിവസത്തെ പോളിംഗ് തീരുമ്പോഴേക്കും ആദ്യദിവസത്തെ ഫലവും വന്നു. വാർത്താവിനിയമ സംവിധാനങ്ങൾ പുരോഗമിക്കാത്ത കാലമായതിനാൽ കുഴപ്പമുണ്ടായില്ല. ടി.എൻ. ശേഷൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായപ്പോൾ 91ൽ മൂന്നു ഘട്ടമായിരുന്നു പോളിംഗ്. പലഘട്ടങ്ങൾ എന്ന സമ്പ്രദായം ശേഷൻ വിപുലമാക്കി. ബൂത്തുപിടിത്തം തടയാനും ഉദ്യോഗസ്ഥ വിന്യാസത്തിനും സുരക്ഷാ ഏർപ്പാടുകൾക്കും ഇത് അനിവാര്യമായെന്ന് പറയാം. ആറ് മണ്ഡലങ്ങൾ മാത്രമുള്ള കാശ്മീരിൽ ആറ് ഘട്ടമായും പശ്ചിമബംഗാളിൽ ഏഴ് ഘട്ടമായും തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ കാര്യം സുരക്ഷ മാത്രമാണ്. യു.പിയിലേക്കാൾ കഷ്ടമാണ് ഇപ്പോഴും ബീഹാറിലും ബംഗാളിലും മറ്റുമുള്ള അവസ്ഥ.