a

കൊച്ചി: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിൽ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് സംവരണം അനുവദിക്കണമെന്ന ആവശ്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. എൽ.എൽ.എം പ്രവേശനത്തിന് സംവരണം ലഭിക്കാത്തതു ചൂണ്ടിക്കാട്ടി കൊച്ചി നസ്രത്ത് സ്വദേശി ആന്റണി നിൽട്ടൺ റെമേലോ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. ഹ‌ർജിക്കാരനെയും സമാനസ്ഥിതി നേരിടുന്നവരെയും കേട്ട് ഉചിതമായ നടപടിയെടുക്കാനാണ് ഉത്തരവ്. മതിയായ രേഖകൾ ഹർജിക്കാ‌ർ ഹാജരാക്കണം.

ഒ.ബി.സിയിൽപ്പെടുന്ന ആംഗ്ലോ ഇന്ത്യൻ വിഭാഗത്തെക്കൂടി സംവരണത്തിൽ ഉൾപ്പെടുത്താൻ 2014 മേയ് 23ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. തുടർന്ന് ലത്തീൻ സമുദായത്തിന്റെ രണ്ടുശതമാനം സംവരണം, ആംഗ്ലോ ഇന്ത്യൻ വിഭാഗത്തെക്കൂടി ഉൾപ്പെടുത്തി മൂന്ന് ശതമാനമാക്കാൻ പിന്നാക്ക വിഭാഗ വകുപ്പ് തീരുമാനിച്ചു. എന്നാൽ ഇത് അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി. പി.ജി. കോഴ്സുകൾക്കും സംവരണം ബാധകമാക്കണമെന്നാവശ്യപ്പെട്ട് 2020ലും ഹ‌ർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആവശ്യം നിയമപരമായി തീർപ്പാക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല.