കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കാണാതായ എല്ലാരേഖകളും പുനർസൃഷ്ടിച്ചതായി പ്രോസിക്യൂഷൻ. പുതിയ രേഖകൾ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കുമെന്നും ജഡ്ജിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് 'കേരളകൗമുദി'യോട് പറഞ്ഞു.

കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻ നിശ്ചയിച്ചപ്രകാരം നാളെ തുടങ്ങാനാകില്ല. രേഖകൾ കാണാതായതിലെ ആശയക്കുഴപ്പവും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇതേകോടതിയിൽ തുടരുന്നതുമാണ് കാരണം.

അഭിമന്യു കേസിലെ കുറ്റപത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ടുമടക്കം പത്തിലധികം രേഖകൾ കോടതിയുടെ സേഫ് കസ്റ്റഡിയിൽനിന്ന് അപ്രത്യക്ഷമായത് ഗുരുതര വിഷയമായിരുന്നു. തുടർന്ന് ഹൈക്കോടതി നി‌ർദ്ദേശപ്രകാരമാണ് രേഖകൾ പുനർസൃഷ്ടിച്ചത്. പൊലീസ്, ആശുപത്രി ഫയലുകളിലുള്ള പകർപ്പുകളാണ് ഇതിന് ഉപയോഗിച്ചത്. രേഖകൾ കാണാതായതിൽ ഹൈക്കോടതി അടക്കം ഇടപെട്ട സാഹചര്യത്തിൽ ജുഡീഷ്യൽ ഓഫീസറുടെ മേൽനോട്ടത്തിൽ അന്വേഷണം തുടങ്ങിയതായാണ് വിവരം.

അതിനിടെ മറ്റ് പല കേസുകളിലേയും രേഖകൾ സെഷൻസ് കോടതിയിൽനിന്ന് കാണാതായത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രധാനമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയതിന് 2016ൽ രജിസ്റ്റ‌ർ ചെയ്ത യു.എ.പി.എ കേസിലേയും ചില ലഹരിമരുന്നു കേസിലേയും രേഖകളാണ് കാണാതായത്. യു.എ.പി.എ കേസിൽ തമിഴ്നാട് സ്വദേശികളായ അഞ്ചുപേരാണ് പ്രതികൾ. ഈ കേസുകളിലും വിചാരണ നീളുകയാണ്. പ്രതികൾക്ക് പഴുതുകൾ നൽകുന്നതാണ് ഈ സംഭവവികാസങ്ങൾ. നടിയെ ആക്രമിച്ച കേസിൽ തെളിവും തൊണ്ടിയുമായ മെമ്മറി കാർഡിൽ കോടതിയുടെ കസ്റ്റഡിയിൽവച്ച് തിരിമറി നടന്നെന്ന ആരോപണവും നിലനിൽക്കുകയാണ്.

അഭിമന്യു കേസിന്റെ ആറാംവർഷം

2018 ജൂലായ് 2ന് പുലർച്ചയാണ് അഭിമന്യു കുത്തേറ്റുമരിച്ചത്. പോസ്റ്റർ ഒട്ടിക്കുന്ന തർക്കത്തെതുടർന്ന് കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമിച്ചത്. അഭിമന്യുവിന്റെ സുഹൃത്ത് അർജുനും ഗുരുതരമായി പരിക്കേറ്റിരുന്നു. 26 പ്രതികളിൽ 16 പേർ ആക്രമണത്തിൽ നേരിട്ടുപങ്കുള്ളവരാണ്. കൊലക്കത്തി കണ്ടെത്താത്തത് അന്വേഷണത്തിലെ ന്യൂനതയായി. 125 സാക്ഷികളുള്ള കേസിൽ വിചാരണ നേരത്തേ തുടങ്ങേണ്ടതായിരുന്നു. കേസിലെ രേഖകൾ വളരെമുമ്പേ നഷ്ടപ്പെട്ടിരിക്കാമെന്നും സംശയിക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് വിചാരണക്കോടതി ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.