പെരുമ്പാവൂർ: ലോക്‌‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പ്രചാരണച്ചൂടേറ്റി മുന്നണികൾ. വേനൽചൂടിന്റെ കാഠിന്യംമൂലം മടിച്ചുനിന്ന മുന്നണി പ്രവർത്തകർ ഇലക്ഷൻ പ്രഖ്യാപനത്തോടെ സജീവമായിത്തുടങ്ങി.

മണ്ഡലത്തിലെ പ്രധാന വ്യക്തികളെ കണ്ട് അനുഗ്രഹം വാങ്ങുന്നതിരക്കിലായിരുന്നു ഇന്നലെമുന്നണി സ്ഥാനാർത്ഥികൾ.

സംസ്ഥാനത്ത് ഭൂരിഭാഗം മണ്ഡലങ്ങളിലും എൽ.ഡി.എഫ്- യു.ഡി. എഫ്-എൻ.ഡി.എ ത്രികോണ മത്സരമാണെങ്കിലും ചാലക്കുടിയിൽ ട്വന്റി20 പാർട്ടിയും സജീവമാണ്. ട്വന്റി20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള റോഡ് ഷോയുടെ തിരക്കിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പെരുമ്പാവൂർ നിയോജകമണ്ഡലംതല തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. യു.ഡി എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ ബെന്നി ബഹനാന്റെ മണ്ഡലംതല തിരഞ്ഞെടുപ്പ് കൺവെൻഷൻ യു.ഡി.എഫ് കൺവീനനർ പി.പി. തങ്കച്ചനാണ് ഉദ്ഘാടനം ചെയ്തത്. എൻ. ഡി.എ സ്ഥാനാർത്ഥി കെ. എ. ഉണ്ണിക്കൃഷ്ണന്റെ മണ്ഡലംതല കൺവെൻഷൻ 17ന് നടക്കും.