* പ്രതി അറസ്റ്റിൽ

കൊച്ചി: ക്ലാസിനിടെ എ.സിയുടെ തണുപ്പ് കൂട്ടിയതിൽ ക്ഷുഭിതനായ ഡ്രംമാസ്റ്റർ എട്ടുവയസുകാരനായ ശിഷ്യനെ മുഖത്തടിച്ചു മാന്തിയും പരിക്കേൽപിച്ചു. വൈറ്രില പൊന്നുരുന്നി സ്വദേശിയായ കുട്ടിക്കാണ് ദുരനുഭവം. പൊന്നുരുന്നിയിലെ സ്റ്റിൽ റോക്ക് ഡ്രംസ് അക്കാഡമി ഉടമ പൊന്നുരുത്തി കൂത്താപ്പിള്ളിവീട്ടിൽ ഗോപുവിനെ (31) പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

പൊലീസ് പറയുന്നത്: രണ്ടുവർഷമായി ഗോപുവിന്റെ കീഴിൽ ഡ്രംസ് അഭ്യസിച്ച് വരികയാണ് കുട്ടി. സംഭവദിവസം ക്ലാസിലുണ്ടായിരുന്ന കൂട്ടുകാരന്റെ ആവശ്യപ്രകാരം എ.സിയുടെ താപനില 24ൽനിന്ന് 16ലേക്ക് കുട്ടി​ കുറച്ചു. ഇതറിഞ്ഞ ഗോപു മറ്റ് കുട്ടികളുടെ മുന്നിൽവച്ച് എട്ടുവയസുകാരനെ മുഖത്തടിക്കുകയും മാന്തുകയും ചെയ്തു. പരി​ക്കേറ്റ്​ വീട്ടിലെത്തിയ കുട്ടിയെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു​. തുടർന്നാണ് അമ്മ സ്റ്റേഷനിലെത്തി പരാതി നൽകിയത്. മൊഴി രേഖപ്പെടുത്തിയ പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി​യുമെടുത്തു. ജുവനൈൽ ജസ്റ്റിസ് വകുപ്പ് ചുമത്തിയാണ് ഗോപുവിനെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടി ഇന്നലെ ആശുപത്രിവിട്ടു.

കുട്ടി​യെ മാന്തി​യി​ട്ടി​ല്ലെന്നും അടി​ച്ചപ്പോൾ സംഭവി​ച്ചുപോയതാണെന്നുമാണ് ഗോപുവി​ന്റെ മൊഴി​.