
കൊച്ചി: ആഗോള മേഖലയിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യയിലെ ഭൂരിഭാഗം കമ്പനികളും നൂതനസങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായി പഠനറിപ്പോർട്ട്. ഡി.പി വേൾഡിന്റെ പിന്തുണയോടെ എക്കണോമിസ്റ്റ് ഇമ്പാക്ട് നടത്തിയ പഠനത്തിലാണ് രാജ്യത്തെ ബിസിനസ് രംഗത്തിന് ഉണർവേകുന്ന കണ്ടെത്തലുകൾ. ലോജിസ്റ്റിക്‌സ് രംഗത്തിന്റെ സൂക്ഷ്മചലനങ്ങളിലേക്കും ആഗോള വ്യാപാരരംഗത്തെ വിദഗ്ധരുടെ വീക്ഷണങ്ങളിലേക്കും വെളിച്ചം വീശുന്നതാണിത്. സപ്ളൈ ചെയിൻ രംഗത്തെ നൂതനമാറ്റങ്ങൾക്ക് കഴിഞ്ഞവർഷം സാക്ഷ്യം വഹിച്ചതെങ്കിൽ സങ്കേതികവിദ്യയുടെ സഹായത്തോടെ കമ്പനികൾ മുന്നേറുന്ന സാഹചര്യമാണ് ദൃശ്യമാകുന്നതെന്ന് ട്രേഡ് ഇൻ ട്രാൻസിഷൻ റിപ്പോർട്ടിന്റെ നാലാം പതിപ്പ് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ സങ്കേതികവിദ്യകൾപ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യൻ കമ്പനികൾ മുന്നിലാണ്. ലോകത്താകെ 54 ശതമാനം കമ്പനികൾ വിർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും ഉൾപ്പെടെയുള്ള നൂതനസങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നു എന്നാൽ ഇന്ത്യയിൽ 66 ശതമാനം കമ്പനികൾ സമീപഭാവിയിൽ തന്നെ ഇത്തരം സങ്കേതികവിദ്യകൾ ബിസിനസിൽ ഉൾക്കൊള്ളിക്കാനാണ് ശ്രമിക്കുന്നത്.