padam
കണ്ടയ്നർ റോഡിൽ പൂത്തുനിൽക്കുന്ന തബേബൂവിയ റോസിയ മരം

കൊച്ചി: പിങ്ക് കോളാമ്പിപൂക്കളാൽ നിറഞ്ഞ് തബേബൂവിയ റോസിയ മരങ്ങൾ. മേലെ നീലാകാശം, അരികെ കായലും. മൊത്തത്തിൽ ഒരു യൂറോപ്യൻ ലുക്ക്.

എറണാകുളം കണ്ടയ്നർ റോഡിലാണ് തീപാറുന്ന മീനച്ചൂടിലും കണ്ണിന് കുളിർമയേകുന്ന ഈ മനോഹര കാഴ്ച പ്രകൃതി ഒരുക്കിയിരിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ദേശീയപാതയോരത്ത് നട്ടുപരിപാലിച്ചുവരുന്ന തബേബൂവിയ മരങ്ങളെല്ലാം പൂത്തുലഞ്ഞത്. നിരവധി പേർ ഈ കാഴ്ചകാണാൻ വൈകുന്നേരങ്ങളിൽ ഇവിടേയ്ക്ക് എത്തുന്നുണ്ട്. സൗന്ദര്യവത്കരണവും പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ടാണ് പാതയോരങ്ങളിൽ ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ.ഐ) പൂമരങ്ങളും മറ്റും വച്ചുപിടിപ്പിക്കുന്നത്. ഇങ്ങിനെയാണ് എറണാകുളം ബോൾഗാട്ടി ജംഗ്ഷനോട് ചേർന്നുള്ള ഭാഗങ്ങളിൽ വിദേശീയരായ തബേബൂവിയ റോസിയയും സ്ഥാനം പിടിക്കുന്നത്. ചെറുതും വലുതുമായ ഇവ കൂട്ടത്തോടെ പൂത്തതോടെ യൂറോപ്യൻ രാജ്യങ്ങളിലെ പാതയോരങ്ങൾ പോലെ കണ്ടയ്നർ റോഡും മാറി. എൻ.എച്ച്.എ.ഐ പുറംകരാർ നൽകിയാണ് ഇവയുടെ പരിപാലനമടക്കം ഉറപ്പാക്കുന്നത്.

തബേബൂവിയ

തെക്കൻ മെക്‌സിക്കോ, വെനിസ്വേല, ഇക്കഡോർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന പൂമരമാണ് തബേബൂവിയ റോസിയ. പിൻ പൂയി, റോസി ട്രമ്പറ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നു. എൽ സാൽവദോർ രാജ്യത്തിന്റെ ദേശീയ മരമാണ് തബേബൂവിയ റോസിയ. 20 മുതൽ 30 ഡിഗ്രി താപനിലയിൽ വളരുന്ന ഇവ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് പൂവിടുന്നത്. തെക്കേ അമേരിക്കയിൽനിന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണെന്നാണ് കരുതപ്പെടുന്നത്. നിരത്തിനിരുവശവുമായി നടാറുള്ളവയാണ് തബേബൂവിയ റോസിയ മരങ്ങൾ.

600 രൂപ മുതൽ
അങ്കലാര ചെടിയായി നട്ടുപിടിക്കുന്ന തബേബൂവിയയുടെ വിത്തുകൾ ഓൺലൈനിലൂടെയും നഴ്‌സറികൾ വഴിയും വാങ്ങാം. ഒരു പാക്കറ്റ് വിത്തിന് 600 രൂപ മുതലാണ് ഓൺലൈനിലെ നിരക്ക്. കടുത്ത് പിങ്ക്, ഇളം പിങ്ക്, മഞ്ഞ നിറമുള്ള പൂക്കളുള്ള തബേബൂവിയകളും ലഭ്യമാണ്. ഇളം പിങ്ക് നിറത്തിലുള്ള തബേബൂവിയയാണ് കണ്ടയ്‌നർ റോഡിൽ പൂത്തുലഞ്ഞ് നിൽക്കുന്നത്.