കൊച്ചി: കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്ത കണ്ണൂർ നടുവിൽ പഞ്ചായത്തിലെ പാത്താൻപാറ നൂലിട്ടാമലയിലെ ഇടപ്പാറയ്ക്കൽ ജോസ് എന്ന കർഷകന്റെ കുടുംബത്തിന് കർഷക കോൺഗ്രസ് വീടുവച്ചുനൽകും. ഭാര്യയും 2 പെൺകുട്ടികളും അടങ്ങുന്ന നിർദ്ധന കുടുംബത്തിന് 10ലക്ഷംരൂപ ചെലവിൽ വീട് നിർമ്മിക്കും. വീട് നിർമ്മാണ ഫണ്ടിലേക്ക് ആദ്യഗഡു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു.
സജീവ് ജോസഫ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ എ.ഡി. സാബു, ബാബു ഈശോ, ഹബീബ് തമ്പി, പി.സി. ജോർജ്, ആർ.സി. മധു, തോമസ് ലോറൻസ്, കെ.ജെ. ജോസഫ് എന്നിവർ സംസാരിച്ചു.