trading
കെണിയൊരുക്കി കള്ള ട്രേഡിംഗ് ആപ്പുകൾ, വീഴുന്നത് യുവാക്കൾ

കൊച്ചി:1000 രൂപ നിക്ഷേപിച്ചാൽ ഒരു മണിക്കൂറിൽ ഇരട്ടി തിരികെ കിട്ടും ! അമ്പരപ്പിക്കുന്ന ലാഭം വാഗ്ദാനം ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന വ്യാജ ഷെയർട്രേഡിംഗ് ആപ്പുകളിൽ തലവച്ചാൽ പണം പോകുമെന്ന് മാത്രമല്ല, ഹവാല കേസിലും കുടുങ്ങും !

കൊച്ചിയിൽ ഇങ്ങനെ പണം തട്ടിയതിന് എട്ട് കേസുകളാണുള്ളത്. സംസ്ഥാനത്താകെ 50ലധികം കേസുകൾ. ഒരു കേസിലെ പ്രധാനപ്രതി തിരുവനന്തപുരം മലയൻകീഴ് സ്വദേശി ബി.ടി. പ്രിയങ്കയെ കോഴിക്കോട് തിരുവമ്പാടി പൊലീസ് കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കടവന്ത്രയിലെ 'ട്രേഡ് കൂപ്പേഴ്സ്' എന്ന സ്ഥാപനത്തിന്റെ പേരിൽ 21% ലാഭം വാഗ്ദാനം ചെയ്ത് രണ്ട് കോടിയാണ് ഇവർ തട്ടിയത്.

തട്ടി​പ്പ് ഇങ്ങനെ

വൻ ലാഭമുണ്ടെന്ന് വാട്സ്ആപ്പ് കാളിലൂടെയും യൂട്യൂബർമാർ വഴിയും പ്രചരിപ്പിക്കും. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കും. ലക്ഷങ്ങൾ ലാഭം കിട്ടിയെന്ന മെസേജുകൾ നിറഞ്ഞ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദേശികളാണ് എളുപ്പം കോടീശ്വരനാകാനുള്ള 'വിദ്യകൾ' പഠിപ്പിക്കുന്നത്. 1000 രൂപയിൽ തുടങ്ങുന്ന ട്രേഡിംഗ് പരീക്ഷണത്തി​ൽ വിശ്വാസ്യത ഏറുംതോറും തുക കൂട്ടുന്നവർക്ക് വൻതുക നഷ‌്ടമാകും. ലക്ഷങ്ങൾ പെട്ടി​യി​ലായെന്ന് ഉറപ്പായാൽ തട്ടിപ്പ് സംഘം വാട്സ്ആപ് ബ്ലോക്ക് ചെയ്ത് മുങ്ങും. തുക പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് കബളിക്കൽ തി​രി​ച്ചറി​യുക.

 തട്ടിപ്പിൽ വീഴാതിരിക്കാൻ

ഡി-മാറ്റ് അക്കൗണ്ട് ഉപയോഗിച്ചേ ട്രേഡിംഗ് നടത്താനാകൂ. ഇടനിലക്കാർക്ക് പണം നൽകിയുള്ള ട്രേഡിംഗ് സുരക്ഷിതമല്ല. സ്ഥാപനത്തിന് സെബിയുടെ അംഗീകാരമുണ്ടോയെന്നും പരിശോധിക്കണം. ട്രേഡിംഗ് പ്ലാറ്റ്ഫോമും പണം നിക്ഷേപിക്കാനുള്ള ആപ്പും വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ്

പുലിവാലാകും

അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാൻ ലക്ഷങ്ങൾ നൽകി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കിയാണ് തട്ടിപ്പ്. മലയാളികൾ ഉൾപ്പെട്ട റാക്കറ്റാണ് 20,000 മുതൽ 25,000 രൂപ വരെ നൽകി നിർദ്ധനരിൽ നിന്ന് അക്കൗണ്ട് വിവരങ്ങൾ വാങ്ങുന്നത്.

ലാഭമായി കിട്ടുന്നത് ഹവാല പണമായതിനാൽ കേസിൽ കുടുങ്ങും.

അഡ്വ. ജിയാസ് ജമാൽ,

സൈബർ സെക്യൂരിറ്റി നിയമ വിദഗ്ദ്ധൻ

ട്രേഡിംഗ് ആപ്പ്

ഓഹരി​ വ്യാപാരം നടത്താനുള്ള ഓൺലൈൻ സംവി​ധാനം. ട്രേഡിംഗി​ൽ ഇടനി​ലക്കാരന്റെ റോളാണ് ഇത്തരം ആപ്പുകൾക്ക്.