ruen

കൊച്ചി: സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിൽ നിന്ന് സാഹസികമായി കപ്പൽ മോചിപ്പിച്ചും മൂന്നു മാസമായി തടവിലായിരുന്ന വിദേശ നാവികരെ രക്ഷിച്ചും ഇന്ത്യൻ നാവികസേനാ കമാൻഡോകളായ മാർക്കോസ് വീണ്ടും കരുത്തുകാട്ടി.
ഡിസംബർ 14ന് തട്ടിയെടുത്ത മാൾട്ട കപ്പൽ എം.വി.റുവൻ നാല് ദിവസമായി സൊമാലിയൻ തീരത്ത് ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണത്തിലായിരുന്നു. കടൽ കൊള്ളയ്ക്ക് മദർഷിപ്പായി ഉപയോഗിച്ചിരുന്ന ഈ കപ്പലിൽ നിന്ന് ഇന്ത്യൻ നാവികർക്ക് നേരെ വെടിവയ്‌പുണ്ടായി. ശനിയാഴ്ച രാത്രി മാർക്കോസ് സംഘം കപ്പലിൽ കയറി 35 കൊള്ളക്കാരെയും കീഴടക്കി കപ്പലിനെയും ജീവനക്കാരെയും സ്വതന്ത്രമാക്കുകയായിരുന്നു. കൊള്ളക്കാരെ അന്താരാഷ്ട്ര നിയമ നടപടികൾക്ക് വിട്ടുകൊടുക്കും. 37,800 ടൺ സ്റ്റീൽ ചരക്ക് വഹിക്കുന്ന കപ്പൽ പരിശോധനകൾ പൂർത്തിയാക്കി ഇന്ത്യയിലേക്ക് കൊണ്ടുവരും.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ഒരു നാവികത്താവളത്തിൽ നിന്ന് കമാൻഡോകളെ വ്യോമസേനയുടെ ഭീമൻ സി 17 ഗ്‌ളോബ് മാസ്റ്റർ വിമാനത്തിൽ നിന്ന് 2600 കി.മീ അകലെയുള്ള സോമാലിയൻ തീരക്കടലിലെ കപ്പലിന് സമീപം സ്‌പെഷ്യൽ ബോട്ടുകൾ സഹിതം എയർ ഡ്രോപ്പ് ചെയ്യുകയായിരുന്നു. ഐ.എൻ.എസ് കൊൽക്കത്ത, ഐ.എൻ.എസ് സുഭദ്ര എന്നീ പടക്കപ്പലുകളും പി 81 ദീർഘദൂര നിരീക്ഷണ വിമാനവും ആളില്ലാ വിമാനവും ദൗത്യത്തിന്റെ ഭാഗമായി.ബൾഗേറിയ, അംഗോള, മ്യാൻമർ രാജ്യക്കാരാണ് എം.വി.റുവനിലെ ജീവനക്കാർ. ഇവർക്ക് പരിക്കില്ല. ബൾഗേറിയൻ കമ്പനിക്കു കീഴിലുള്ള കപ്പൽ തട്ടിയെടുത്ത ഡിസംബറിൽ പരിക്കേറ്റ ഒരു ജീവനക്കാരനെ ഇന്ത്യൻ പടക്കപ്പലായ ഐ.എൻ.എസ് കൊച്ചി രക്ഷപ്പെടുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച എം.വി. അബ്ദുള്ള എന്ന ബംഗ്ലാദേശ് ചരക്കുകപ്പൽ തട്ടിയെടുക്കാൻ കൊള്ളക്കാർ എം.വി. റുവനെ ഉപയോഗിച്ചെന്ന് സംശയിക്കുന്നുണ്ട്. ഇന്ത്യൻ പടക്കപ്പൽ ഐ.എൻ.എസ് തർക്കഷ് ഇടപെട്ടെങ്കിലും 23 ബംഗ്‌ളാദേശി ജീവനക്കാരുമായി കപ്പൽ സോമാലിയയുടെ തീരത്തേക്ക് കടന്നതിനാൽ പിന്തുടരാനായില്ല. ഡിസംബർ ഒന്നിന് ശേഷം 17 കടൽക്കൊള്ള ശ്രമങ്ങൾ സൊമാലിയൻ തീരത്ത് ഉണ്ടായതായി നാവികസേന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി 5ന് ലൈബീരിയൻ കപ്പലായ എം.വി. ലിലാ നോർഫോക്കിനെ തട്ടിയെടുക്കാനുള്ള നീക്കം മാർക്കോസ് കമാൻഡോകൾ കപ്പലിൽ കയറി വിഫലമാക്കി.

മാർക്കോസ്

ലോകത്തെ മികച്ച

പത്തിൽ ഒന്ന്

ലോകത്തെ ഏറ്റവും മികച്ച പത്ത് കമാൻഡോ വിഭാഗങ്ങളിലൊന്നാണ് ഇന്ത്യൻ നാവികസേനയുടെ മറൈൻ കമാൻഡോ ഫോഴ്സ് എന്ന മാർക്കോസ്. യുദ്ധസാമഗ്രികളുടെ ഭാരവും വഹിച്ച് ആകാശത്തു നിന്ന് പാരച്യൂട്ടിൽ ഇറങ്ങാൻ ശേഷിയുള്ള ലോകത്തെ അപൂർവം കമാൻഡോ ഗ്രൂപ്പ്. 1987ൽ രൂപീകരിച്ചു. പ്രഹർ എന്ന് വി​ളി​ക്കുന്ന ഒരു യൂണി​റ്റി​ൽ എട്ട് പേരുണ്ടാകും. 2000 മാർക്കോസ് കമാൻഡോകൾ എപ്പോഴും സർവീസി​ലുണ്ടെന്നാണ് കണക്ക്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധകാലത്തും മുംബയ് തീവ്രവാദി​ ആക്രമണമുണ്ടായപ്പോഴും കാർഗി​ൽ യുദ്ധവേളയി​ലും മി​കച്ച പ്രകടനം.