കൊച്ചി: പുരാതനമായ പിടിച്ചു കെട്ടപ്പെട്ട കർത്താവിന്റെ തിരുസ്വരൂപം ചരിത്ര പ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയിൽ വിശ്വാസികൾക്ക് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു. ഇന്നലെ ദിവ്യബലിക്ക് ശേഷം ബസിലിക്ക റെക്ടർ ഫാ. ഡോ. ആന്റണി വാലുങ്കൽ തിരുസ്വരൂപം ആശീർവദിച്ചു.
വല്ലാർപാടം പള്ളിയുടെ മഹാ ജൂബിലി പ്രമാണിച്ച് ഇത് തളിയത്ത് കുടുംബത്തിൽ നിന്നും ലഭിച്ചതാണ്. മരത്തിൽ കൊത്തിയിരിക്കുന്ന ഏഴടി ഉയരമുള്ള രൂപത്തിന്റെ നവീകരണ പ്രവൃത്തികൾ കുഴുപ്പിള്ളി സ്വദേശിയായ ആർട്ടിസ്റ്റ് രാമുവാണ് നിർവഹിച്ചത്. വിശുദ്ധ വാരത്തിലെ ബുധനാഴ്ച്ച വരെ വിശ്വാസികൾക്ക് രൂപം ദർശിക്കുവാനും വണങ്ങുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും.
യേശുവിന്റെ പീഡാസഹനത്തിന്റെ ഭാഗമായി ചാട്ടവാറുകളാൽ അടിക്കപ്പെട്ട്, മുൾമുടി ധരിക്കപ്പെട്ട്, കൈകൾ ബന്ധിച്ച് പരസ്യ വിചാരണയ്ക്കായി പീലാത്തോസിന്റെ മുന്നിൽ നിർത്തിയിരിക്കുന്ന യേശുവിന്റെ രൂപമാണിത്. കേരളത്തിൽ അപൂർവ്വം ദേവാലയങ്ങളിൽ മാത്രമേ ഇത്തരം തിരുസ്വരൂപം സ്ഥാപിക്കപ്പെട്ടിട്ടുള്ളു.
'ഇതാ മനുഷ്യൻ'
'എച്ചേ ഹോമോ'എന്ന ലാറ്റിൻ നാമധേയത്തിലാണ് രൂപം അറിയപ്പെടുന്നത്. 'ഇതാ മനുഷ്യൻ' എന്നാണ് മലയാളം പരിഭാഷ.
പതിനാറാം നൂറ്റാണ്ടിൽ ഇൻഡോ പോർച്ചുഗീസ് കാലഘട്ടത്തിൽ നിർമ്മിച്ച പ്രസ്തുത രൂപം തേവരയിലുള്ള കേരള ഫോക്ക് ലോർ മ്യൂസിയത്തിൽ തളിയത്ത് ജേക്കബിന്റേയും ആനി ജേക്കബ്ബിന്റേയും പുരാവസ്തു ശേഖരത്തിന്റെ ഭാഗമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.