binoy-vishwam

കൊച്ചി: സംസ്ഥാനത്ത് ബി.ജെ.പിയുമായി കൈകോർക്കാൻ കോൺഗ്രസിന് മടിയില്ലെന്നും കോലീബി സഖ്യസാദ്ധ്യത ലോക്‌സഭാ തിരഞ്ഞെടുപ്പിലും എഴുതിത്തള്ളാനാകില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. അന്ധമായ എൽ.ഡി.എഫ് വിരോധമാണ് കേരളത്തിലെ കോൺഗ്രസിന്. ബി.ജെ.പിയുമായി കൈകോർക്കാൻ പോലും മടിക്കില്ല. അതുകൊണ്ടാണ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പി കൂടാരം കയറുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ 20 സീറ്റിലും ഇടതുപക്ഷം വിജയിക്കും. എൽ.ഡി.എഫ് അനുകൂല കാറ്റാണിപ്പോൾ. ലോക്‌സഭാ തിരഞ്ഞടുപ്പ് കള്ളപ്പണത്തിന്റെ മാമാങ്കമാക്കി മാറ്റാൻ ബി.ജെ.പി ശ്രമിക്കും. ആദ്യം ഇ.ഡിയെ ഉപയോഗിച്ച് റെയ്ഡ് നടത്തും. പിന്നെ ഭീഷണിപ്പെടുത്തി ഇലക്ടറൽ ബോണ്ടുകൾ അക്കൗണ്ടിലെത്തിക്കും. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട ഇടപെടലുകളിലൂടെ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എല്ലാ അന്തസും നരേന്ദ്ര മോദി തകർത്തെറിഞ്ഞു.

വെള്ളിയാഴ്ച പോളിംഗ് നടത്തുന്നത് ഒരുവിഭാഗം വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന പരാതിയിൽ ഇലക്ഷൻ കമ്മിഷൻ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.