y
തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി

തൃപ്പൂണിത്തുറ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കുർബാന വേണ്ടെന്നു വച്ച വികാരിയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസത്തെ കോടതി വിധിയെ തുടർന്ന് പള്ളിയിൽ ജനാഭിമുഖ കുർബാനയ്ക്ക് വിലക്ക് വന്ന സാഹചര്യത്തിലാണ് പള്ളിയിൽ ഇനി അറിയിപ്പുണ്ടാകുന്നതുവരെ കുർബാനയർപ്പണം തന്നെ വേണ്ടെന്നു വച്ചത്. സിറോ മലബാർ സഭ അംഗീകരിച്ച ഏകീകൃത കുർബാന പള്ളിയിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടവകാംഗങ്ങൾ സെന്റ് മേരീസ് ഫൊറോന പള്ളിയെ ഒന്നാം പ്രതിയാക്കി നൽകിയ ഹർജിയെ തുടർന്ന് ഇനി മുതൽ ഫൊറോന പള്ളിയിൽ ഏകീകൃത കുർബാന മാത്രമേ കോടതി വിധി പ്രകാരം നടത്താനാകൂ. അതോടെ ജനാഭിമുഖ കുർബാന നടത്തിയിരുന്ന വികാരിയുടെ നേതൃത്വത്തിൽ പള്ളിയിൽ കുർബാനയർപ്പണം തന്നെ ഉപേക്ഷിച്ചു.

ശനിയാഴ്ച്ച രാത്രിയോടെ പള്ളിയുടെ ഔദ്യോഗിക ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നു. അതേ സമയം 50 നോമ്പിന്റെ അവസാനം വിശുദ്ധവാര ദിനങ്ങളിൽ ഇത്തരത്തിൽ കടുത്ത നിലപാട് എടുത്തത് വിശ്വാസികളിൽ അമർഷം ഉയർത്തി. പള്ളിയുടെ ആരാധനക്രമം നിശ്ചയിക്കാൻ ഇടവക പൊതുയോഗത്തിനോ പാരിഷ് കൗൺസിലിനോ അധികാരമില്ല. ഇടവക പൊതുയോഗത്തിന്റെയും കമ്മിറ്റികളുടെയും പേരു പറഞ്ഞ് സിനഡ് കുർബാനയ്ക്കെതിരെ നിലപാടെടുത്ത വികാരിയുടെ നിലപാട് വിശ്വാസികളെ കബളിപ്പിക്കലാണെന്ന് ഇടവക ദൈവജന മുന്നേറ്റം ഭാരവാഹികൾ പറഞ്ഞു.