വൈപ്പിൻ: സംസ്ഥാന സർക്കാർ അനുമതി നൽകി നാലുവർഷം പിന്നിട്ടിട്ടും ഇനിയും തുടങ്ങാതെ ഹെർബർട്ട് പാലം പുനർ നിർമ്മാണം. നെടുങ്ങാട് ദ്വീപിനെ വൈപ്പിൻ- മുനമ്പം സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്നതാണ് ഹെർബർട്ട് പാലം.
2020 ഫെബ്രുവരി 11നാണ് ഹെർബർട്ട് പാലം പുനർ നിർമ്മാണത്തിന് സർക്കാർ അനുമതി നൽകിയത്. എന്നാൽ അപ്രോച്ച് പാലം നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ചുവപ്പുനാടയിൽ കുടുങ്ങിയതോടെ പാലം പുനർനിർമ്മാണം പ്രതിസന്ധിയിലായി.
അപ്രോച്ച് റോഡിനായി 16 സെന്റ് ഏറ്റെടുക്കേണ്ടതുണ്ട്. ഏറെ ശ്രമങ്ങൾക്കുശേഷം ഇതിനുള്ള പ്രാഥമിക വിജ്ഞാപനം കഴിഞ്ഞ ഒക്‌ടോബർ 21ന് പുറപ്പെടുവിപ്പിച്ചിരുന്നു. 2013ലെ കേരള ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ആക്ഷേപങ്ങൾക്കുള്ള ഹിയറിംഗ് 60 ദിവസത്തിനുള്ളിൽ നടത്തേണ്ടിയിരുന്നു. എന്നാൽ ഇതിനായി ഗ്രാമസഭ വിളിച്ചുചേർത്തത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്. ഉത്തരവിറങ്ങി അഞ്ച് മാസത്തിനുശേഷം മാത്രം ഗ്രാമസഭ വിളിച്ചുകൂട്ടിയത് പഞ്ചായത്ത് പ്രസിഡന്റിന്റെയും10ാം വാർഡ് മെമ്പറുടെയും വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. എന്നാൽ
തങ്ങൾക്ക് സർക്കാർ ഉത്തരവ് ലഭിച്ചത് രണ്ടാഴ്ച മുൻപ് മാത്രമാണെന്നും അതിനുശേഷമുള്ള ആദ്യപഞ്ചായത്ത് കമ്മിറ്റിയിൽ തന്നെ ഗ്രാമസഭ വിളിച്ച് ചേർക്കാൻ തീരുമാനിച്ചെന്നും വൈസ് പ്രസിഡന്റ് ജോബി വർഗീസ് വ്യക്തമാക്കി.
ഇരുപത്തിമൂന്ന് വർഷം മുൻപ് നിർമ്മിച്ച നിലവിലെ പാലത്തിൽ വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്തതിനാലാണ് പുനർനിർമ്മിക്കാൻ തീരുമാനിച്ചത്. 10.40 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ഹെർബർട്ട് പാലം പുനർ നിർമ്മിച്ചാൽ സംസ്ഥാനപാതയിൽ നിന്ന് എടവനക്കാട്, നായരമ്പലം, ഞാറക്കൽ പഞ്ചായത്ത് എന്നിവിടങ്ങളിലൂടെ നെടുങ്ങാട്, വലിയവട്ടം ദ്വീപുകളെ ബന്ധിപ്പിച്ച് കണ്ടെയ്‌നർ റോഡിന് മൂന്ന് കിലോമീറ്റർ അടുത്തുവരെ എത്താം. നെടുങ്ങാട്, വലിയവട്ടം ദ്വീപുകളുടെ വികസനത്തിനൊപ്പം വൈപ്പിൻ- മുനമ്പം സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്ക് ഒരുപരിധി വരെ കുറയ്ക്കുന്നതിനും ഹെർബർട്ട് പാലം പുനർനിർമ്മാണം വഴിയൊരുക്കും.