moovattu

മൂവാറ്റുപുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം പതിയെ ചൂടുപിടിക്കെ മൂവാറ്റുപുഴയിലെ സമ്മതിദായകരും പ്രതീക്ഷയുടെ അമരത്താണ്. ഇടുക്കി മണ്ഡലത്തിന്റെ പ്രതിനിധിയായി തിര‌ഞ്ഞെടുക്കപ്പെടുന്നയാൾ മൂന്ന് സുപ്രധാന പദ്ധതികൾ യാഥാർത്ഥ്യമാക്കണമെന്ന് മൂവാറ്റുപുഴക്കാർ ആവശ്യപ്പെടുന്നത്. അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയാണ് അതിൽ പ്രധാനം.

ശബരി പാതയും നേട്ടങ്ങളും

തീർത്ഥാടകർക്ക് പുറമെ വ്യവസായികൾക്കും ഏറെ ഗുണം ചെയ്യുമെന്നതാണ് ശബരി റെയിൽപ്പാതയുടെ സവിശേഷത. 3,515 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റാണ് പദ്ധതിയുടേത്. പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. 2021ലെ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ വിഹിതമായി കിഫ്‌ബി ഫണ്ടിൽ നിന്ന് 2000 കോടിരൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്.

264 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച ഏഴ് കിലോമീറ്റർ റെയിൽപ്പാത, കാലടി റെയിൽവേ സ്റ്റേഷൻ, പെരിയാർ റെയിൽവേ പാലം എന്നിവ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നതോടെ സാധിക്കും.

പൈനാപ്പിൾ, റബർ, ഏലം, കുരുമുളക് തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെയും പ്ലൈവുഡ് പോലുള്ള വ്യവസായ ഉത്പന്നങ്ങളുടെയും വിപണനം മെച്ചപ്പെടുത്താനും ശബരി പാതയുടെ വരവ് വഴിയൊരുക്കും. കാലടി, മലയാറ്റൂർ, രാമപുരം, ഭരണങ്ങാനം, എരുമേലി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും ഇടുക്കി ജില്ലയ്‌ക്കും റെയിൽവേ സേവനം ഒരുക്കാനും പദ്ധതി സഹായിക്കും.

വികസനക്കുതിപ്പിന് വേണം ബൈപ്പാസുകൾ

മൂന്നു പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകളുടെ നിർമ്മാണം വേഗത്തിലാക്കേണ്ടത് മൂവാറ്റുപുഴയുടെ വികസന മുന്നേറ്റത്തിന് അനിവാര്യമാണ്. മൂവാറ്റുപുഴ- കടാതി-കാരക്കുന്നം ബൈപ്പാസ് നിർമ്മാണത്തോടെ ദേശീയപാതയിൽ നെഹ്രു പാർക്ക് മുതൽ കക്കടാശേരി വരെ നവീകരണം പൂർത്തിയാകും. കൊച്ചി - മൂന്നാർ ദേശീയപാതയും കൂടി യാഥാർത്ഥ്യമായാൽ കിഴക്കൻ മേഖലയിലെ വികസിത നഗരമായി മൂവാറ്റുപുഴ മാറും.

------------------------

ശബരി റെയിൽ പദ്ധതിക്കുവേണ്ടി കല്ലിട്ടുതിരിച്ച എഴുപത് കിലോമീറ്റർ പരിധിയിലെ സ്ഥലത്തിന്റെ ഉടമകൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവർക്കായി പാർലമെന്റിൽ ശബ്ദം ഉയർത്താൻ കഴിയുന്ന ജനപ്രതിനിധി ഉണ്ടാകണം.

പ്രമോദ് കെ. തമ്പാൻ,

ഡയറക്ടർ, എസ്.എൻ.ഡി.പി യോഗം