വൈപ്പിൻ: വേനൽച്ചൂടിൽ പറവകൾക്ക് കുടിനീരുമായി എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മനുഷ്യർക്കുപോലും ദാഹം താങ്ങാനാകുന്നില്ലെങ്കിൽ മറ്റു ജീവജാലങ്ങൾ എത്ര ബുദ്ധിമുട്ടുന്നുണ്ടായിരിക്കുമെന്ന ചിന്തയിൽ നിന്നാണ് പറവകൾക്ക് തണ്ണീർക്കുടം പദ്ധതി രൂപംകൊണ്ടത്.

വീട്ടുവളപ്പിലെ അധികം വെയിൽ വീഴാത്തതും പക്ഷികൾക്ക് ശല്യമില്ലാത്തതുമായ ഇടങ്ങളാണ് തണ്ണീർക്കുടങ്ങളൊരുക്കാൻ കുട്ടികൾ തിരഞ്ഞെടുക്കുന്നത്. വക്കുകളിൽ പക്ഷികൾ വന്നിരിക്കുമ്പോൾ മറിഞ്ഞുപോകാത്തവിധം അധികം ഉയരത്തിലല്ലാതെ പാത്രങ്ങൾ വെയ്ക്കും. ദിവസവും രണ്ടു പ്രാവശ്യമെങ്കിലും വെള്ളം ഒഴിച്ചു കൊടുക്കും.

പദ്ധതിയെ കുറിച്ച് ബോധവത്കരണം

ഓരോ കേഡറ്റും സുഹൃത്തുക്കളോടും അയൽവാസികളോടുമൊക്കെ പദ്ധതിയെക്കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. വരുംദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങൾ വഴി പദ്ധതി സംബന്ധിച്ച സന്ദേശം പ്രചരിപ്പിക്കാനും പരിപാടിയുണ്ട്. തണ്ണീർക്കുടങ്ങൾ തേടി പക്ഷികൾ വെള്ളം കുടിക്കാനെത്തുന്ന ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ കുട്ടികൾ പങ്കുവെയ്ക്കുന്നു.

മനുഷ്യരിൽ ജീവകാരുണ്യസന്ദേശം പകരാനും പ്രകൃതിസ്‌നേഹം വളർത്താനും പദ്ധതി ഉപകരിക്കും

ഇ.എം. പുരുഷോത്തമൻ

മുഖ്യപരിശീലകൻ