
കോലഞ്ചേരി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ തോക്കുകൾക്കിനി കീഴടങ്ങൽ കാലം. ആരെയും കൂസാത്ത സ്വഭാവത്തിനും ഗർവിനും തത്കാലം വിശ്രമം നൽകി പൊലീസ് കസ്റ്റഡിയിലായിരിക്കും കുറച്ച് നാൾ. ഇനി പുറംലോകം കാണണോ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരണം. അംഗീകൃത തോക്ക് വ്യാപാരികളുടെ അടുത്തും തോക്കുകൾ എത്തും.
മിക്ക ലൈസൻസികളും പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിക്കാറെന്ന് മാത്രം.
എറണാകുളം റൂറൽ പരിധിയിലുള്ള തോക്കുകൾ ഉടൻ സറണ്ടർ ചെയ്യാൻ നോട്ടീസ് നൽകി കഴിഞ്ഞു.
നാടൻ തോക്കിനും രക്ഷയില്ല
ബാങ്കുകളിൽ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന തോക്കുകൾ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അനുവാദത്തോടെ ഉപയോഗിക്കാം. സറണ്ടർ ചെയ്യേണ്ടവയിൽ പിസ്റ്റൾ, റൈഫിൾ എന്നിവ കൂടാതെ നാടൻ തോക്കുകളുമുണ്ട്. പഴയ നാടൻ തോക്ക് പ്രൗഡിയുടെ അടയാളമായി കൊണ്ടു നടക്കുന്നവരാണ് പലരും. ഇതിൽ പലതും ഇതുവരെ ഉപയോഗിക്കാത്തവയാണ്. കൃഷി സംരക്ഷിക്കാനെന്ന പേരിലാണ് മിക്കവരും ലൈസൻസ് എടുത്തിരിക്കുന്നത്.
ലൈസൻസ് കിട്ടാൻ കടുപ്പം
തോക്കിന് ലൈസൻസ് നൽകുന്നതിനുള്ള അധികാരം എ.ഡി.എമ്മിനാണ്. ലൈസൻസെടുക്കൽ ചില്ലറ കളിയുമല്ല. തോക്ക് വാങ്ങുന്ന കടയുടെ എസ്റ്റിമേറ്റ്, വില്പന സമ്മത പത്രം, ലൈസൻസ് ഫീസ് അടച്ചതിന്റെ ട്രഷറി ചെലാൻ, ജനന തീയതി തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം കളക്ടറേറ്റിലാണ് അപേക്ഷ നൽകേണ്ടത്. പൊലീസ്, വനം വകുപ്പ്, റവന്യൂ വിഭാഗങ്ങളുടെ എൻ.ഒ.സി കൂടി ലഭിച്ചാലേ അപേക്ഷ എ.ഡി.എം പരിഗണിക്കൂ. ക്രിമിനൽ കേസിൽ പ്രതികളായവർക്കോ മാനസിക തകരാറുള്ളവർക്കോ ലൈസൻസ് ലഭിക്കില്ല.