കൊച്ചി: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ കുടുങ്ങിയ എറണാകുളം സ്വദേശിക്ക് 67 ലക്ഷംരൂപ നഷ്ടമായി. സംഭവത്തിൽ മൂന്ന് പേർക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തു. ജനുവരി 15 മുതൽ മാർച്ച് നാലുവരെയുള്ള കാലയളവിലാണ് പ്രതികൾ പരാതിക്കാരനിൽനിന്ന് പണം തട്ടിയത്.

ഓൺലൈനിൽ ട്രേഡിംഗിനെക്കുറിച്ച് ഇന്റർനെറ്റിൽ സെർച്ചുചെയ്ത പരാതിക്കാരനെ തൊട്ടടുത്തദിവസം തട്ടിപ്പുസംഘം സമീപിക്കുകയായിരുന്നു. ട്രേഡിംഗിലൂടെ വൻലാഭം വാഗ്ദാനംചെയ്ത് ഒരു സ്വകാര്യകമ്പനിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി. പരാതിക്കാരൻ 17 തവണയായി പ്രതികളുടെ അക്കൗണ്ടിലേക്ക് നൽകിയ 67,40,306 രൂപയാണ് തട്ടിയെടുത്തത്.

ഇതിനിടെ ട്രേഡിംഗിലൂടെ 4.13 കോടി രൂപ ലഭിച്ചതായി പരാതിക്കാരന് വാട്‌സ്ആപ്പ് മെസേജ് ലഭിച്ചിരുന്നു. പണം പിൻവലിക്കാൻ ശ്രമിച്ചതോടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പ്രതികൾ ഇയാളെ പുറത്താക്കി. പണം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. മൊബൈൽഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.