കൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചാലക്കുടിയിലെ സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ കൂടുതൽ സജീവമായി. ഞായറാഴ്ചയിലും ജനങ്ങളെ കാണാനും പ്രശ്നങ്ങൾ അറിയാനും മൂന്നു മുന്നണി സ്ഥാനാർത്ഥികളും സമയം കണ്ടെത്തി. ആവേശകരമായ സ്വീകരണം ഒരുക്കി പ്രവർത്തകരും പ്രചാരണം കൊഴുപ്പിച്ചു കളത്തിലിറങ്ങി.

യു.ഡി.എഫ് സ്‌ഥാനാർത്ഥി ബെന്നി ബഹനാൻ ജന്മനാടായ പെരുമ്പാവൂരിൽ ചുവരെഴുതിയും വിശേഷങ്ങൾ പങ്കിട്ടും വോട്ടഭ്യർത്ഥിക്കാനിറങ്ങി. വെങ്ങോല മണ്ഡലം കൺവൻഷനിൽ പങ്കെടുത്ത ശേഷമാണ് വോട്ടഭ്യർത്ഥിച്ചിറങ്ങിയത്. രാവിലെ കയ്പമംഗലം, എറിയാട് ഭാഗത്താണ് പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് കീഴ്മാട്, സൗത്ത് വാഴക്കുളം, അങ്കമാലി, കാലടി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഊട്ടുതിരുനാൾ ചടങ്ങുകളിൽ പങ്കെടുത്തു. മലയാറ്റൂർ തീർഥാടന കേന്ദ്രത്തിൽ വിശ്വാസികൾക്കൊപ്പം സമയം പങ്കുവച്ചു. രാത്രിയിൽ കയ്പമംഗലത്ത് പൗരത്വ ബില്ലിനെതിരായ നൈറ്റ് മാർച്ചിലും പങ്കെടുത്തു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് അതിരപ്പിള്ളി, മലക്കപ്പാറ പ്രദേശങ്ങളിൽ പ്രചാരണം നടത്തി. മുൻ എം.എൽ.എ ബി.ഡി ദേവസിയും ഒപ്പമുണ്ടായിരുന്നു. ഊരിലെ ഞായറാഴ്ച ചന്ത സന്ദർശിച്ച പ്രൊഫ. രവീന്ദ്രനാഥ് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് തവളക്കുഴിപ്പാറ, വീരാൻകുടി പൊകലപ്പാറ, വാച്ചുമരം, പുളിയിലപ്പാറ, ഷോളയാർ, വാഴച്ചാൽ ആദിവാസി ഊരുകളിലുമെത്തി. അതിർത്തി പ്രദേശമായ മലക്കപ്പാറയിലെ തേയില തൊഴിലാളികളെയും നാട്ടുകാരെയും കണ്ടു. സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്. അശോക്, സി.പി.ഐ ജില്ല കമ്മിറ്റി അംഗം എം.വി ഗംഗാധരൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡെന്നിസ് കെ. ആന്റണി എന്നിവർ നേതൃത്വം നൽകി.

എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ ഉണ്ണികൃഷ്ണൻ മാരാക്കോട്ട് കോളനിയിൽ ഊരുമൂപ്പനെ സന്ദർശിച്ച് പ്രചാരണം ആരംഭിച്ചു. ഉച്ചകഴിഞ്ഞ് അങ്കമാലി മണ്ഡലത്തിലെ അയ്യമ്പുഴ ചുള്ളി ബൂത്ത് കുടുംബയോഗത്തിൽ പങ്കെടുത്തു. കുടുംബയോഗം ജില്ലാ വൈസ് പ്രസിഡൻ്റ് എം.എ ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എൻ. ഉണ്ണി അദ്ധ്യക്ഷനായി. ബി.ജെ.പി ദേശീയ സമിതി അംഗം പി.എം വേലായുധൻ, എൻ.ഡി.എ അങ്കമാലി നിയോജക മണ്ഡലം ചെയർമാൻ ബിജു പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് വൈകിട്ട് നാലിന് അങ്കമാലി കോതകുളങ്ങരയിൽ ചാലക്കുടി എൻ.ഡി.എ സെൻട്രൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. 5 ന് അങ്കമാലി ടൗണിൽ റോഡ് ഷോയും നടത്തും.