books

അദ്ധ്യയന വർഷം തുടങ്ങും മുമ്പേ ടെക്സ്റ്റ് ബുക്ക് വിതരണം

കൊച്ചി: അടുത്ത അദ്ധ്യയന വർഷം ആരംഭിക്കും മുമ്പേ തന്നെ പുതു പുസ്തകത്തിന്റെ മണമറിഞ്ഞ് വിദ്യാർത്ഥികൾ. കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പാഠപുസ്തകങ്ങൾ എത്തിത്തുടങ്ങി. പാഠ പുസ്തകങ്ങൾ തരം തിരിച്ച് സ്കൂൾ സൊസൈറ്റിയിലേക്ക് എത്തിക്കുന്നത് പുരോഗമിക്കുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പ്, കെ.ബി.പി.എസ് എന്നിവയുമായി ചേർന്ന് 14 ജില്ലകളിലും പാഠപുസ്തക വിതരണം കുടുംബശ്രീക്കാണ് ചുമതല.

ആലുവയിലാണ് ജില്ലയിലെ പുസ്തക വിതരണ കേന്ദ്രം. ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർ‌ത്ഥികൾക്കുള്ള പുസ്തകങ്ങൾ ആവശ്യാനുസരണം എത്തിക്കുന്നത് ഒന്നാം തീയതി മുതൽ ആരംഭിച്ചിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി കുടുംബശ്രീയാണ് പുസ്തക വിതരണം.

പുസ്തകം ഓരോന്നായി തരംതിരിച്ച് കൃത്യമായി പാക്ക് ചെയ്ത് അതത് ഹബ്ബുകളിൽനിന്ന് ജില്ലകളിലെ സൊസൈറ്റികളിലേക്ക് എത്തിക്കും. സംസ്ഥാനത്തെ മൂവായിരത്തോളം സൊസൈറ്റികളിലായി എത്തുന്ന പുസ്തകങ്ങൾ പിന്നീട് സ്‌കൂൾ അധികൃതർ കൈപ്പറ്റും. ആദ്യഘട്ടം ഏപ്രിലിൽ പൂർത്തിയാക്കാനാനുള്ള ശ്രമമാണ് നടക്കുന്നത്. കർമ്മനിരതരായി കുടുംബശ്രീ
സംസ്ഥാനത്ത് 320 കുടുംബശ്രീ അംഗങ്ങളാണ് പുസ്തകങ്ങൾ തരംതിരിക്കാനും വിതരണത്തിന് തയാറാക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഇവരുടെ ജോലിസമയം. ജില്ലയിൽ 15 കുടുംബശ്രീ പ്രവർത്തകരും ഒരു സൂപ്പർവൈസറുമാണുള്ളത്. പ്രവർത്തകർക്ക് 750 രൂപയും സൂപ്പർവൈസർക്ക് 950 രൂപയുമാണ് വേതനം. അധികസമയം ജോലി ചെയ്താൽ ഓരോ മണിക്കൂറിനും 100 രൂപ ലഭിക്കും.

 മേയിൽ പൂർത്തിയാകും

ജില്ലയിൽ മേയിൽ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. കോതമംഗലം പോലുള്ള അതിർത്തി പ്രദേശങ്ങളിൽ ആവശ്യമായ എല്ലാ പുസ്തകങ്ങളും ഒന്നിച്ച് എത്തിക്കാനാണ് തീരുമാനം. ദൂരക്കൂടുതലുള്ളതിനാൽ പലതവണയായി കൊണ്ടുപോകാൻ സാധിക്കില്ല.

ജില്ലയിൽ ആവശ്യമായ പുസ്തകങ്ങൾ- 2151518

ഇതുവരെ ലഭിച്ചത്- 951474

വിതരണം ചെയ്തത്-395988

320 കുടുംബശ്രീ അംഗങ്ങൾ