hilly-aqua

കൊച്ചി: കുപ്പിവെള്ളം ഹിറ്റായതിനു പിന്നാലെ 'ഹില്ലി അക്വാ" ബ്രാൻഡിൽ സംസ്ഥാന സർക്കാരിന്റെ സ്വന്തം ശീതളപാനീയവും സോഡയും എത്തുന്നു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.ഐ.ഐ.ഡി.ഡി) പദ്ധതിക്ക് സർക്കാർ അനുമതിയായി.

കടുത്ത വേനലിൽ ശീതളപാനീയ വില്പന വൻതോതിൽ വർദ്ധിച്ചത് കണക്കിലെടുത്താണ് ഈ മേഖലയിലും സാന്നിദ്ധ്യം ഉറപ്പിക്കാൻ ജലവിഭവവകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെ.ഐ.ഐ.ഡി.ഡി തീരുമാനിച്ചത്. സെപ്തംബറിൽ ഇവ വിപണിയിലെത്തിയേക്കും. മെഷീനും മറ്റുമുള്ള ടെൻഡർ നടപടികളിലേക്ക് കെ.ഐ.ഐ.ഡി.ഡി ഉടൻ കടക്കും. ബോട്ടിലിന്റെ അളവുകളും വിലയും സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിവരികയാണ്.

ഹില്ലി അക്വായുടെ തൊടുപുഴ, അരുവിക്കര പ്ലാന്റുകളിലാകും ശീതളപാനിയങ്ങളും സോഡയും ഉത്പാദിപ്പിക്കുക. 10 രൂപ മുതലുള്ള ശീതളപാനീയങ്ങൾ വിപണിയിലുണ്ട്. 15 രൂപയാണ് ബോട്ടിൽ ചെയ്ത സോഡയുടെ കുറഞ്ഞ നിരക്ക്. വിലയുടെ കാര്യത്തിൽ ഇവയ്ക്കെല്ലാം താഴെയാവും ഹില്ലി അക്വാ. ഹില്ലി അക്വാ കുപ്പിവെള്ളം വില്പന സർവകാല റെക്കാഡിലാണ്.

80,800 കുപ്പിവെള്ളം

തൊടുപുഴ, അരുവിക്കര പ്ലാന്റുകളിൽ രണ്ട് ഷിഫ്റ്റുകളിലായി പ്രതിദിനം 80,800 കുപ്പി വെള്ളം ഉത്പാദിപ്പിക്കുന്നുണ്ട്. താലൂക്ക് അടിസ്ഥാനത്തിൽ ഹില്ലി അക്വായ്ക്ക് വിതരണക്കാരായി.15 രൂപയ്ക്കാണ് ഒരു ലിറ്റർ ഹില്ലി അക്വാ കടകളിൽ വിൽക്കുന്നത്. റേഷൻകട, നീതി മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ 10 രൂപയ്ക്ക് ലഭിക്കും.

2015 ൽ തുടക്കം

ഒരുലിറ്ററിന്റെ കുപ്പിവെള്ളവുമായി 2015ലാണ് ഹില്ലി അക്വാ വിപണിയിൽ ചുവടുറപ്പിച്ചത്. രണ്ട് ലിറ്ററിന്റെയും അര ലിറ്ററിന്റെയും കുപ്പികളിലും ഇപ്പോൾ ലഭിക്കും. 20 ലിറ്ററിന്റെ ക്യാനിലും നൽകുന്നു. കുപ്പിവെള്ളം കയറ്റുമതി ചെയ്യാനുള്ള നീക്കത്തിലാണിപ്പോൾ.

''വിവിധ രുചികളിൽ, ഗുണമേന്മ ഒട്ടുംകുറയാതെയുള്ള ശീതളപാനീയങ്ങൾ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം.""

വി. സജി
സീനിയർ ജനറൽ മാനേജർ
ഹില്ലി അക്വാ