kannangattu-bridge

കൊച്ചി: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽപള്ളുരുത്തിക്കാരുടെ സ്വപ്നമായ മധുര കമ്പനി - കണ്ണങ്ങാട്ടു പാലം യഥാർത്ഥ്യത്തിലേക്ക്. ഈവ‌ർഷം തന്നെ പാലം തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. കോർപ്പറേഷൻ കൗൺസിൽ അധികാരത്തിലേറ്റപ്പോൾ ഉറപ്പു നൽകിയ പ്രധാന പദ്ധതിയായിരുന്നിതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.

പാലത്തിന്റെ നിർമ്മാണം മേയറും കോ‌ർപ്പറേഷൻ ഉദ്യോഗസ്ഥരും വിലയിരുത്തി. ജോൺ ഫെർണാണ്ടസ് എം.എൽ.എയായിരുന്ന ഘട്ടത്തിൽ അനുവദിച്ച ഫണ്ട് കഴിഞ്ഞ കൗൺസിൽ കാലത്ത് ചെലവഴിക്കാൻ കഴിഞ്ഞില്ല. എം.എൽ.എ ഫണ്ടിൽ നിന്ന് 2.78 കോടി രൂപയും 27. 50 ലക്ഷം രൂപ കോർപ്പറേഷൻ അനുവദിച്ചാണ് പാലം പൂർത്തീകരിച്ചത്. സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് 85 ലക്ഷം രൂപ ചെലവഴിച്ചു.

13 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്. പാലം ഉദ്ഘാടം ചെയ്യുന്നതോടെ
പള്ളുരുത്തി മേഖലയിലുള്ളവർക്ക് കണ്ണങ്ങാട്ട് പാലത്തിലൂടെ തേവരയിലേക്ക് വളരെ എളുപ്പത്തിൽ എത്താൻ കഴിയും. ഇടക്കൊച്ചിയെയും പള്ളുരുത്തിയെയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട യാത്രാ മാർഗം തുറന്നുകൊടുക്കുകയാണ് കോർപ്പറേഷന്റെ ലക്ഷ്യമെന്നും മേയർ പറഞ്ഞു.


അപ്രോച്ച് റോഡ്

പാലത്തിന് ഇരുവശത്തുകൂടിയുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണമാണ് ഇനി ആരംഭിക്കാനുള്ളത്. സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് ഒരുകോടി രൂപ അനുവദിക്കും. മൺകെട്ട് ഉയർത്തി പാലം വരെ അപ്രോച്ച് റോഡ് നി‌ർമ്മിക്കും. സംരക്ഷണ ഭിത്തിയും നിർമ്മിക്കും.

അപ്രോച്ച് റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യും. ഇതിന് 55 ലക്ഷം രൂപ ആദ്യഘട്ടത്തിൽ അനുവദിക്കും. ഇതിന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. ഏകദേശം 1.40 കോടി രൂപയാണ് അപ്രോച്ച് റോഡ് നിർമ്മാണത്തിന് പ്രതീക്ഷിക്കുന്നത്.

പാലം നിർമ്മാണം

എം.എൽ.എ ഫണ്ട്- 2.78 കോടി

കോർപ്പറേഷൻ ഫണ്ട്- 27.50 ലക്ഷം

സ്ഥലം ഏറ്റെടുക്കൽ- 85 ലക്ഷം

അപ്രോച്ച് റോഡ്

സ്ഥലം ഏറ്റെടുക്കൽ- ഒരുകോടി

റോഡ് നിർമ്മാണം (ആദ്യഘട്ടം)- 55 ലക്ഷം