കിഴക്കമ്പലം: മാലിന്യവാഹിനിയായി മാറുന്ന കനാലുകൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നു. കനാലുകളിലെ പാലങ്ങൾക്കും കലുങ്കുകൾക്കും സമീപം അടിഞ്ഞുകൂടുന്ന മാലിന്യങ്ങളാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്.
റോഡിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനുള്ള നടപടികൾ കർക്കശമാക്കിയതോടെയാണ് ജനം കനാലുകളെ കുപ്പത്തൊട്ടിയാക്കിമാറ്റിയത്. പ്ളാസ്റ്റിക് കവറുകളിലും ചാക്കുകളിലും മാലിന്യം നിറച്ച് കനാലുകളിൽ തള്ളുന്ന പ്രവണത വർദ്ധിക്കുകയാണ്. അറവുമാലിന്യംവരെ ഇത്തരത്തിൽ തള്ളുന്നുണ്ട്. പാലങ്ങൾക്കും കലുങ്കുകൾക്കും സമീപം അടിഞ്ഞുകൂടുന്ന ചാക്കുകൾ അഴുകി ദുർഗന്ധം പരത്തുന്നതും ജനജീവിതം ദുസ്സഹമാക്കുന്നു.
കിഴക്കമ്പലത്തെ ഭൂരിഭാഗം കനാലുകളിലും ഈച്ചനിറഞ്ഞ ചാക്കുകൾ അടിഞ്ഞുകൂടുന്നുണ്ട്. ആഴ്ചയിൽ രണ്ടുമൂന്ന് ദിവസം മാത്രമേ കനാലുകളിൽ വെള്ളമെത്തുന്നുള്ളൂ. കനാലിൽ ജലമൊഴുക്കില്ലാത്തപ്പോൾ മാലിന്യചാക്കുകൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധംപരത്തും. പിന്നീട് വെള്ളമെത്തുമ്പോൾ ഒഴുകി അടുത്തയിടത്ത് അടിയും. കനാൽജലം മലിനമാണെന്നറിയാതെ ഉപയോഗിക്കുന്നവർക്ക് ത്വക്ക് രോഗങ്ങളടക്കം പിടപെടുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്.
വേനലിന്റെ കാഠിന്യമേറുന്നതോടെ കനാൽ വെള്ളത്തെ കൂടുതൽ ആശ്രയിക്കേണ്ടിവരും. വേനലിൽ കിണറുകളിലേക്ക് എത്തുന്നതും കനാൽ ജലമാണ്. അതിനാൽ കിണറുകളിലെ ജലം മലിനമാകാനും സാദ്ധ്യതയുണ്ട്.
കനാലിന്റെ ചെറിയ കൈവഴികളിൽ അടിയുന്ന മാലിന്യം നീരൊഴുക്കും തടസപ്പെടുത്തുന്നു. കഴിഞ്ഞദിവസം കുമ്മനോട് ചെറുകനാൽ കവലയിലെ സൈഫണിൽ മാലിന്യം കുമിഞ്ഞതോടെ വെള്ളം കനാൽ നിറഞ്ഞ് പുറത്തേക്കൊഴുകുന്ന സ്ഥിതിയെത്തിയിരുന്നു. താഴ്ന്ന പ്രദേശങ്ങളിലേക്ക് കനാൽ വെള്ളമെത്തണമെങ്കിൽ നീരൊഴുക്ക് ഉയർത്തേണ്ടതുണ്ട്. മാലിന്യ ചാക്കുകൾ നീക്കിയാലേ നീരൊഴുക്ക് വർദ്ധിപ്പിക്കാൻ സാധിക്കൂ. കനാലിൽ മാലിന്യമെറിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചതായി അധികൃതർ അറിയിച്ചു.