കോലഞ്ചേരി: പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർത്ഥികളെ തളർത്തി കുംഭച്ചൂട്. തിരഞ്ഞെടുപ്പ് ചൂടിനേക്കാൾ തീഷ്ണതയേറിയ വേനൽച്ചൂടിനെ മറികടക്കാൻ സമയക്രമങ്ങളിൽ മാ​റ്റം വരുത്തിയാണ് പ്രചാരണത്തിന്റെ ആദ്യഘട്ടം പുരോഗമിക്കുന്നത്.

രാവിലെ ഏഴിന് പ്രചാരണം തുടങ്ങി ഉച്ചയ്ക്ക് 12ന് അവസാനിപ്പിച്ച് വൈകിട്ട് മൂന്നുവരെ അവലോകനത്തിനും യോഗങ്ങൾക്കും സമയം മാ​റ്റിവച്ചാണ് ആദ്യഘട്ട പ്രചാരണം മുന്നണികൾ മുന്നോട്ടുകൊണ്ടുപോകുന്നത്. കട്ടി കുറഞ്ഞതും വെളുത്തതോ ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങളിലേക്ക് സ്ഥാനാർത്ഥികൾ മാറിക്കഴിഞ്ഞു. നന്നാറി, കൊത്തമല്ലി തുടങ്ങിയവയിട്ട് തിളപ്പിച്ച് ആറ്റിയ വെള്ളം കൈയിൽ കരുതിയാണ് സ്ഥാനാർത്ഥികളുടെ കറക്കം. ഓരോ 20 മിനി​റ്റ് ഇടവേളയിലും ഈ വെള്ളം കുടിച്ചാണ് നിർജലീകരണത്തെ അതിജീവിക്കുന്നത്. വാഹനപ്രചാരണം തുടങ്ങുന്നതോടെയാണ് സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും ബുദ്ധിമുട്ട് ഏറുന്നത്. പ്രചാരണദൈർഘ്യം അധികമാണ്. അതുകൊണ്ടുതന്നെ കൂടുതൽ പേരെ നേരിൽ കാണാനാണ് ഇപ്പോൾ സ്ഥാനാർത്ഥികളുടെ ശ്രമം. നേരിട്ടുള്ള വോട്ടഭ്യർത്ഥനയ്ക്കൊപ്പം കോർണർ യോഗങ്ങളും സ്വീകരണ പരിപാടികളും പൂർത്തിയാക്കണം. കൂടാതെ നവമാദ്ധ്യമ പ്രചാരണത്തിലും സജീവമാണ് മുന്നണികൾ. ബൾക്ക് മെസേജുകൾ വഴിയുള്ള വോട്ട് അഭ്യർത്ഥനയ്ക്കൊപ്പം അനൗൺസ്‌മെന്റുകളും ലഘുചിത്രങ്ങളുമായി വാട്‌സാപ്പ് സന്ദേശങ്ങളും ഫേസ്ബുക്ക് പോസ്​റ്റുകളും കളം നിറഞ്ഞുകഴിഞ്ഞു. ട്രോളുകളാണ് മ​റ്റൊരായുധം. കുറഞ്ഞ വാക്കിൽ കുറിക്കു കൊള്ളുന്ന നർമ്മങ്ങളും സിനിമകളിലെ പഞ്ച് ഡയലോഗുകളും ചേർത്തുള്ള ട്രോളുകൾ പുതുതലമുറയെ ലക്ഷ്യമിട്ടുള്ളതാണ്. ലൈക്കും ഷെയറും ഏറെ ലഭിക്കുന്നതും ട്രോളുകൾക്ക് തന്നെ.