മൂവാറ്റുപുഴ: അഞ്ചരപ്പതിറ്റാണ്ടായി നഗരമാലിന്യം പേറുന്ന വളക്കുഴി ഡമ്പിംഗ് യാർഡിന് ശാപമോക്ഷമാകുന്നു. മാലിന്യമലയായിത്തീർന്ന വളക്കുഴിയിൽ ഏപ്രിൽ ആദ്യവാരത്തോടെ ബയോ മൈനിംഗ് ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം ബയോ മൈനിംഗിന് 10.82 കോടി രൂപ അനുവദിച്ചു. നാഗ്പൂർ ആസ്ഥാനമായ എസ്.എം.എസാണ് ബയോമൈനിംഗ് കരാർ ഏറ്റെടുത്തത്.
നാലര ഏക്കർ വിസ്തൃതി വരുന്ന വളക്കുഴി ഡമ്പിംഗ് യാർഡിൽ കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ യന്ത്രസഹായത്തോടെ കുഴിച്ചെടുത്ത് തരംതിരിച്ച് സുരക്ഷിതമായി നീക്കംചെയ്യുന്നതാണ് പദ്ധതി. ജൈവമാലിന്യങ്ങൾ വിൻഡ്രോ, ലാർവ കമ്പോസ്റ്റിംഗിലൂടെ വളമാക്കി കർഷകർക്ക് വിതരണം ചെയ്യും. അജൈവമാലിന്യങ്ങൾ തരംതിരിച്ച് ഏജൻസിക്ക് കൈമാറും. അവശേഷിക്കുന്ന മണ്ണ് മാത്രം യാർഡിൽ നിക്ഷേപിക്കും. ഈ പ്രക്രിയ പൂർത്തിയാൽ നഗരത്തിൽ നിന്ന് ശേഖരിച്ച് ഡമ്പിംഗ് യാർഡിൽ എത്തിക്കുന്ന മാലിന്യം തരംതിരിച്ച് അതതുദിവസങ്ങളിൽ സംസ്കരിക്കും.
മൂന്ന് മുതൽ ആറ് മാസം കൊണ്ട് ബയോമൈനിംഗ് പൂർത്തിയാക്കുന്നതി നാണ് തീരുമാനിച്ചിരിക്കുന്നത്. ബ്രഹ്മപുരം മാതൃകയിൽ മൈനിംഗിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കും. ബയോമൈനിംഗിന് സമീപ വാസികളുടെ പിന്തുണ ഉറപ്പുവരുത്താൻ നാളെ വൈകിട്ട് 3ന് നഗരസഭ 24, 25 വാർഡുകളിലെ പ്രത്യേക വാർഡുസഭ യോഗം കുര്യൻമല കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചുചേർത്തിട്ടുണ്ടെന്ന് ചെയർമാൻ പി.പി.എൽദോസ് അറിയിച്ചു.